'ദിലീപ് ഫോൺ കൈമാറണം'; അന്ത്യശാസനവുമായി ഹൈക്കോടതി
ഹൈക്കോടതി രജിസ്ട്രാർ ജനറലിനാണ് ഫോൺ കൈമാറേണ്ടത്
കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ദിലീപിന് തിരിച്ചടി. കേസിൽ പ്രോസിക്യൂഷൻ ആവശ്യപ്പെട്ട ഫോൺ തിങ്കളാഴ്ച പത്തേകാലിന് കോടതിയിൽ ഹാജരാക്കണമെന്ന് ജസ്റ്റിസ് പി ഗോപിനാഥ് ഉത്തരവിട്ടു. ഫോൺ മുംബൈയിലാണെന്ന് ദിലീപിന്റെ അഭിഭാഷകൻ അറിയിച്ചെങ്കിലും കൂടുതൽ ദിവസം അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഫോൺ മുബൈയിലാണെങ്കിൽ ആരെയെങ്കിലും അയച്ച് എടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.
മുദ്ര വച്ച കവറില്‍ ഹൈക്കോടതി രജിസ്ട്രാർ ജനറലിനാണ് ഫോൺ കൈമാറേണ്ടത്. ഫോൺ പ്രധാനപ്പെട്ട തെളിവാണെന്നും അതു ലഭിക്കേണ്ടത് അന്വേഷണത്തിന് ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഫോൺ തന്റെ സ്വകാര്യതയാണ് എന്നും സ്വന്തം നിലയിൽ ഫോറൻസിക് പരിശോധനയ്ക്ക് അയക്കാമെന്നും കോടതിയെ ദിലീപിന്റെ അഭിഭാഷകൻ അറിയിച്ചെങ്കിലും കോടതി അനുവദിച്ചില്ല.
പ്രതികളെല്ലാം ഒറ്റയടിക്ക് ഫോൺ മാറ്റിയത് ഗൂഢാലോചനയ്ക്ക് തെളിവാണെന്നാണ് പ്രോസിക്യൂഷൻ വാദം. എം ജി റോഡില് വെച്ച് ദിലീപ് , അനൂപ്, സുരാജ് എന്നിവര്‍ 2017 ല്‍ ഗൂഢാലോചന നടത്തി. സ്വന്തം നിലയ്ക്ക് ഫോൺ പരിശോധനയ്ക്ക് നൽകാൻ സാധിക്കില്ല. ഇതിന് അവകാശം കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്ത ഏജൻസികൾക്ക് മാത്രമാണ്. അല്ലാത്ത പരിശോധനാ ഫലങ്ങൾക്ക് സാധുതയില്ല- പ്രോസിക്യൂഷൻ വാദിച്ചു. സ്വന്തം നിലയിൽ ഫോൺ പരിശോധനക്കയച്ചത് ശരിയായ നടപടിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ജസ്റ്റിസ് പി ഗോപിനാഥാണ് പ്രത്യേക സിറ്റിങ്ങായി ഹർജി പരിഗണിക്കുന്നത്. ദിലീപിനായി അഡ്വ. ബി രാമൻപിള്ളയാണ് കോടതിയിൽ ഹാജരാകുന്നത്. തൃശൂരിൽ മറ്റൊരു കേസിലായിരുന്നതിനാൽ അദ്ദേഹത്തിന്റെ അസോസിയേറ്റ്‌സിലെ മറ്റൊരു അഭിഭാഷകനാണ് വെള്ളിയാഴ്ച ഹാജരായിരുന്നത്.
ആദ്യ വാദത്തിനിടെ നടന്നത്
ബാലചന്ദ്രകുമാറിൻറെ വെളിപെടുത്തലിന് ശേഷം നാലുപേരും ഫോൺ മാറ്റിയിട്ടുണ്ടെന്നും ഫോൺ സുപ്രധാന തെളിവാണെന്നും പ്രോസിക്യൂഷൻ ആദ്യ ദിനത്തിൽ വാദിച്ചിരുന്നു. തങ്ങൾ ഫോറൻസിക് പരിശോധന നടത്തി ഫലം കൈമാറാമെന്ന ദിലീപിന്റെ അഭിഭാഷകന്റെ നിലപാട് കേട്ടു കേൾവിയില്ലാത്തതാണ്. ദിലീപിന് കൂടുതൽ സമയം നൽകരുതെന്നും അത് അപകടകരമാണ്. അറസ്റ്റിൽ നിന്നുള്ള സംരക്ഷണം അന്വേഷണപുരോഗതിയെ ബാധിക്കുന്നുണ്ട്. ദിലീപ് കേസ് അന്വേഷണത്തോട് സഹകരിക്കുന്നില്ല- പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.
മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയിൽ, ഫോൺ തങ്ങൾക്ക് ലഭിക്കണമെന്ന ആവശ്യം ഉപഹർജി ആയാണ് അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ നൽകിയിരുന്നത്. ഈ ഉപഹർജിയിലാണ് വിശദമായ വാദം നടന്നിരുന്നത്.
ഫോൺ കൈമാറണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തോട് തുടക്കം മുതൽ തന്നെ അനുകൂല നിലപാടാണ് കോടതി സ്വീകരിച്ചത്. ഹൈക്കോടതി രജിസ്ട്രിക്ക് ഫോൺ കൈമാറണമെന്നാണ് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാൽ അഡ്വ. രാമൻപിള്ളയ്ക്ക് പകരം ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകൻ പ്രോസിക്യൂഷന്റെ ആവശ്യം എതിർത്തു. സുപ്രിംകോടതി ഭരണഘടനാ ബഞ്ചിന്റെ ഉത്തരവ് പ്രകാരം പ്രതികളോട് തെളിവുകൾ ഹാജരാക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നത് കീഴ്വഴക്കങ്ങളുടെ ലംഘനമാണ് എന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. അത് നിയമവിരുദ്ധമാണ് എന്നും അദ്ദേഹം വാദിച്ചു. രജിസ്ട്രിക്ക് ഫോൺ കൈമാറുന്നതിൽ എന്താണ് തടസ്സം എന്നാണ് കോടതി ഇതിൽ പ്രതികരിച്ചത്.
ദയ കാണിക്കണമെന്ന് ദിലീപ്
പൊലീസും മാധ്യമങ്ങളും തന്നെ വേട്ടയാടുകയാണ് എന്നും കോടതി ദയ കാണിക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു. ഫോൺ നൽകില്ലെന്ന് പറയുന്നത് അന്വേഷണത്തോട് സഹകരിക്കാതിരിക്കലല്ല. ഫോൺ നൽകുന്നതിൽ തടസ്സങ്ങളുണ്ട്. തന്റെ സ്വകാര്യ വിവരങ്ങൾ അടങ്ങുന്നതാണ് ഫോൺ. സംസ്ഥാനത്തെ ഫോറൻസിക് സംവിധാനങ്ങളിൽ വിശ്വാസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16