മാധ്യമ വിചാരണ നിർത്തിവയ്ക്കണം; ദിലീപിന്‍റെ ഹരജി ഇന്ന് പരിഗണിക്കും
ദിലീപ് നൽകിയ ഹരജി നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു
നടിയെ ആക്രമിച്ച കേസിൽ മാധ്യമ വിചാരണ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സർക്കാർ ഇന്ന് റിപ്പോർട്ട് സമർപ്പിച്ചേക്കും. ദിലീപ് നൽകിയ ഹരജി നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ അന്വേഷണം നടത്തി നടപടിയെടുക്കാൻ ഡി. ജി.പിക്ക് കോടതി നിർദേശം നൽകിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിൽ എം.വി നികേഷ് കുമാറിനും റിപ്പോർട്ടർ ചാനലിനുമെതിരെ കേസെടുത്തിട്ടുണ്ട്.
അതേസമയം കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും ദിലീപ് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. തനിക്കെതിരായ ആരോപണങ്ങൾ കെട്ടിച്ചമച്ചതും തെളിവില്ലാത്തതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് ഹരജി സമർപ്പിച്ചത്. തനിക്കെതിരെ കേസെടുക്കാനുള്ള ഉദ്യോഗസ്ഥ ഗൂഢാലോചന സി.ബി.ഐ അന്വേഷിക്കണമെന്നും ദിലീപ് ഹരജിയിൽ ആവശ്യപ്പെട്ടു.
ബാലചന്ദ്ര കുമാറും അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസും മൂന്നു മാസമായി തനിക്കെതിരെ ഗൂഢാലോചന നടത്തി, ഇതിനു പിന്നാലെയാണ് ബാലചന്ദ്രകുമാർ മാധ്യമങ്ങൾക്കു അഭിമുഖം നൽകിയതെന്നും കെട്ടിച്ചമച്ച ആരോപണങ്ങൾക്ക് തെളിവില്ലെന്നും ദിലീപ് ഹൈക്കോടതിയെ അറിയിച്ചു. എ.ഡി.ജി.പി ശ്രീജിത്തിന് തനിക്കെതിരായ ഗൂഢാലോചനയിൽ പങ്കുണ്ടെന്നും ദിലീപ് ഹരജിയിൽ വ്യക്തമാക്കിയിരുന്നു.
Adjust Story Font
16