വധഗൂഢാലോചനാ കേസ്; ദിലീപിന്റെ ഫോണുകൾ പരിശോധിക്കാൻ തിരുവനന്തപുരത്തേക്ക് അയക്കും
കോടതിയിൽ തുറന്ന് പരിശോധിക്കേണ്ടതില്ലെന്ന് ഉത്തരവ്
അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ ഫോണുകൾ പരിശോധനക്കായി തിരുവനന്തപുരത്തേക്ക് അയക്കും. തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിലാണ് പരിശോധന നടത്തുക. ആലുവ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ഫോൺ കോടതിയിൽ തുറന്ന് പരിശോധിക്കേണ്ടതില്ലെന്ന് ഉത്തരവിൽ പറയുന്നു. മജിസ്‌ട്രേറ്റ് കോടതിയിൽ വെച്ച് തുറന്ന് പാറ്റേൺ പരിശോധിക്കില്ല.
നടൻ ദിലീപിന്റെ ഫോണുകൾ തിരുവനന്തപുരം ഫോറൻസിക് ലാബിൽ പരിശോധനക്ക് അയക്കണമെന്ന് ആവശ്യപ്പെട്ട് ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ക്രൈംബ്രാഞ്ച് എസ്.പി അപേക്ഷ നൽകിയത്. ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും ഫോണുകൾ ആലുവ മജിസ്ട്രേറ്റ് കോടതിക്ക് കൈമാറാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും ഫോണുകളിൽനിന്ന് തെളിവുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥർ. ദിലീപിന്‍റെ ഫോണുകൾ തുറക്കാനുള്ള പാറ്റേണുകൾ അഭിഭാഷകർ മുഖേന ആലുവ മജിസ്ട്രേറ്റ് കോടതിക്ക് നൽകിയിട്ടുണ്ട്.
എന്നാൽ, ഫോണുകൾ കോടതിയില്‍ തുറക്കുന്നതിനെ പ്രതിഭാഗം എതിർത്തു. നടന്‍ ദിലീപ് അടക്കമുള്ള പ്രതികളുടെ സാന്നിധ്യത്തില്‍ ഫോണുകളുടെ പാറ്റേണ്‍ ലോക്ക് തുറക്കണമെന്ന് അന്വേഷണ സംഘത്തിന്‍റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഫോണുകള്‍ കോടതിയില്‍വെച്ച് തുറന്നാല്‍ കൃത്രിമത്വം നടത്തുന്നതിന് സാധ്യതയുണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. സീല്‍ ചെയ്ത് പോകുന്ന ഫോണുകളുടെ പാറ്റേണ്‍ തെറ്റാണെങ്കില്‍ ഫലം വൈകുമെന്ന് അന്വേഷണ സംഘത്തിന്‍റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഫോണുകള്‍ ഹൈക്കോടതിയില്‍ വെച്ച് ഡി.ജി.പിയുടെ സാന്നിധ്യത്തില്‍ സീല്‍ ചെയ്തതാണ്. അതാണ് സൈബര്‍ വിദഗ്ധര്‍പോലുമില്ലാതെ തുറക്കാന്‍ പോകുന്നതെന്നും പ്രതിഭാഗം വാദിച്ചിരുന്നു.
അതേ സമയം നടിയെ ആക്രമിച്ച കേസിൽ തുടരന്വോഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. നടപടി ക്രമങ്ങൾ പാലിക്കാതെയും വിചാരണ കോടതിയുടെ അനുമതിയില്ലാതെയാണ് അന്വേഷണം നടത്തുന്നത് എന്ന് ചൂണ്ടിക്കാണിച്ചാണ് ദിലീപ് കോടതിയെ സമീപിച്ചത്.
Adjust Story Font
16