Quantcast

പുൽക്കൂട് തകർത്തത് അപലപനീയമെന്ന് പാലക്കാട് രൂപത; 'കുട്ടികൾക്കിടയിൽ വിദ്വേഷം പടർത്താൻ ശ്രമിക്കുന്നത് ആപത്ത്'

ക്രൈസ്തവ വിശ്വാസപരമായ കാര്യങ്ങൾക്കെതിരായ നീക്കങ്ങൾ പാലക്കാട് കണ്ടുതുടങ്ങുന്നു എന്നത് ആശങ്കാപരമാണ്.

MediaOne Logo

Web Desk

  • Published:

    24 Dec 2024 3:58 PM GMT

Diocese of Palakkad says the demolition of grass shed is reprehensible
X

പാലക്കാട്: തത്തമംഗലത്ത് പുൽക്കൂട് തകർത്തത് അപലപനീയമെന്ന് പാലക്കാട് രൂപത. ചെറിയ കുട്ടികൾക്കിടയിലേക്ക് വിദ്വേഷം പടർത്താൻ ചില ശക്തികൾ ശ്രമിക്കുന്നത് ആപത്താണ്. ഇളം മനസുകളിൽ സ്നേഹവും വിശ്വാസവും നിറയ്ക്കണമെന്നും ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരക്കൽ പറഞ്ഞു.

വിവിധ മതവിശ്വാസികൾ ഒരുമിച്ചുതാമസിക്കുന്ന കേരളത്തിൽ വലിയ സാഹോദര്യബന്ധമാണുള്ളത്. നാളിതുവരെ അനുവർത്തിച്ചുപോരുന്ന ഈ ശ്രേഷ്ഠ പാരമ്പര്യത്തിന് കടകവിരുദ്ധമായ പുത്തൻ പ്രവണതകളാണ് നടക്കുന്നത്. ഇത് എന്തുകൊണ്ട് സംഭവിക്കുന്നു, ആരൊക്കെ ഒത്താശ ചെയ്തു, യാദൃശ്ചികമായി നടന്നതാണോ എന്നൊന്നും അറിയില്ല.

ക്രൈസ്തവ വിശ്വാസപരമായ കാര്യങ്ങൾക്കെതിരായ നീക്കങ്ങൾ പാലക്കാട് കണ്ടുതുടങ്ങുന്നു എന്നത് ആശങ്കാപരമാണ്. ആരെയും വെറുപ്പിക്കുകയോ വിദ്വേഷമുണ്ടാക്കുകയോ ചെയ്യുന്ന യാതൊന്നും ക്രൈസ്തവർക്കോ അവരുടെ വിശ്വാസത്തിനോ ഇല്ല.

പൊതുജനത്തിന്റെ അവകാശമാണ് ക്രിസ്മസ് ആഘോഷം. ഭരണഘടനാപരമായി ആർക്കും അവരവരുടെ മതവിശ്വാസ കാര്യങ്ങൾ ഹിംസയ്ക്ക് ഇടവരാത്ത വിധത്തിൽ നടത്താനും പ്രചരിപ്പിക്കാനും അവകാശമുണ്ടല്ലോ എന്നും ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരക്കൽ കൂട്ടിച്ചേർത്തു.

പാലക്കാട് തത്തമംഗലം ജിബിയുപി സ്കൂളിൽ ക്രിസ്മസ് ആഘോഷത്തിനായി ഒരുക്കിയ പുൽക്കൂട് തകർത്തെന്നാണ് പരാതി ഉയർന്നത്. വെള്ളിയാഴ്ചയാണ് സ്‌കൂളിൽ പുൽക്കൂട് ഒരുക്കിയിരുന്നത്. തുടർന്ന് രണ്ട് ദിവസത്തെ അവധിക്കു ശേഷം ഇന്നലെ സ്‌കൂളിലെത്തിയ അധ്യാപകരാണ് പുൽക്കൂട് അജ്ഞാതർ തകർത്തതായി കണ്ടെത്തിയത്.

TAGS :

Next Story