'രഞ്ജിത്ത് രാജിവെക്കണം, സിനിമയിൽ മാന്യത ആവശ്യം': സംവിധായകൻ ഭദ്രൻ
'സ്ഥാനം രാജിവച്ച് അന്വേഷണം നേരിടാൻ രഞ്ജിത്ത് തയ്യാറാവണം'
തിരുവനന്തപുരം: നടിയുടെ ആരോപണത്തിൽ രജ്ഞിത്ത് രാജിവെക്കണമെന്ന് സംവിധായകൻ ഭദ്രൻ. ഇത് ഞെട്ടിക്കുന്ന വാർത്തയാണെന്നും ഗൗരവകരമായി കാണണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രജ്ഞിത്ത് ഇരിക്കുന്ന ചലച്ചിത്ര അക്കാദമി ചെയർമാൻ പദവി പ്രമുഖരായ പലരും വഹിച്ചിട്ടുള്ള സ്ഥാനമാണ്. ആ സ്ഥാനത്തിരിക്കുന്ന അദ്ദേഹം പ്രതികരിക്കുന്ന രീതി ഇങ്ങനെയല്ല വേണ്ടത്. സ്ഥാനം രാജിവച്ച് ആരോപണത്തെ നേരിട്ട് സംശുദ്ധത തെളിയിക്കണം. സ്ഥാനത്തിന്റെ ഗൗരവം മനസിലാക്കണമെന്നും ഭദ്രൻ പറഞ്ഞു.
രജ്ഞിത്തിനെ ന്യായീകരിച്ചുള്ള സാംസ്‌കാരിക മന്ത്രിയുടെ വാക്കുകൾ ശോചനീയമാണ്. സ്ഥാനത്തിന് നിരക്കാത്ത വാക്കുകളാണ് മന്ത്രിയുടേത്. മന്ത്രി രജ്ഞിത്തിനെ പിന്തുണക്കുന്നുവെന്ന് പൊതുജനത്തിന് തോന്നാൻ തുടങ്ങിയിട്ടുണ്ട്. അങ്ങനെ വരാൻ പാടില്ല. സിനിമയിൽ എന്തുതോന്നിവാസവും ആകാമെന്ന് പറയുന്നത് ശരിയല്ല. അവിടെ മാന്യത ആവശ്യമാണെന്നും ഭദ്രൻ പറഞ്ഞു.
അമ്മ സംഘടന കുറച്ച് മുൻപേ അഭിപ്രായം പറയേണ്ടത് ആയിരുന്നു. മാഫിയ സംഘം അഥവാ പവർ ഗ്രൂപ്പ് ഉണ്ടെന്ന് പറയുന്നത് തെറ്റ് ആണ് എന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16