'സഹ സംവിധായികയെ നേരിൽ കണ്ടിട്ടില്ല, അവസരം ചോദിച്ച് തന്നെ ഫോണിൽ വിളിച്ചിരുന്നു': പീഡന ആരോപണം നിഷേധിച്ച് സുരേഷ് തിരുവല്ല
പരാതിക്കാരിയുടെ സ്ഥാപിത താല്പര്യമോ മറ്റാരുടെയെങ്കിലും ഇടപെടലോ ആകാം പരാതിക്ക് പിന്നിലെന്ന് സംവിധായകന്‍
കൊച്ചി: സഹ സംവിധായികയുടെ പീഡന പരാതി നിഷേധിച്ച് സംവിധായകൻ സുരേഷ് തിരുവല്ല. തനിക്കെതിരെ പരാതി ഉന്നയിച്ച സഹ സംവിധായികയെ നേരിൽ കണ്ടിട്ടില്ലെന്നും അവസരം ചോദിച്ച് തന്നെ ഫോണിൽ വിളിച്ചിരുന്നുവെന്നും സുരേഷ് തിരുവല്ല പറഞ്ഞു. നേരിൽ കണ്ട ശേഷം കഥാപാത്രത്തിന് അനുയോജ്യമെങ്കിൽ അവസരം നൽകാമെന്നാണ് പറഞ്ഞത്. പിന്നീട് താൻ അവരെ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പരാതി ആരോപിക്കപ്പെട്ട വിജിത്തിനെ തനിക്കറിയാമെന്നും വിജിത്തും പരാതിക്കാരിയും തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടോയെന്ന് അറിയില്ലെന്നും സുരേഷ് തിരുവല്ല പറഞ്ഞു. പരാതിക്കാരിയുടെ സ്ഥാപിത താല്പര്യമോ മറ്റാരുടെയെങ്കിലും ഇടപെടലോ ആകാം പരാതിക്ക് പിന്നിലെന്നും നിയമനടപടിയെ കുറിച്ച് ആലോചിച്ച് തീരുമാനമെടുക്കുമെന്നും സുരേഷ് മീഡിയ വണ്ണിനോട് പറഞ്ഞു.
സിനിമയിൽ അവസരം വാഗ്ദാനം ചെയ്‌തും വിവാഹ വാഗ്‌ദാനം നൽകിയും പീഡിപ്പിച്ചുവെന്നാണ് മാവേലിക്കര സ്വദേശി പരാതി നൽകിയത്. പരാതിയിൽ സംവിധായകൻ സുരേഷ് തിരുവല്ല, സുഹൃത്ത് വിജിത്ത് വിജയകുമാർ എന്നിവർക്കെതിരെയാണ് മരട് പൊലീസ് ബലാത്സംഗക്കേസെടുത്തത്.
Adjust Story Font
16