Quantcast

'ലോക്സഭയിലേക്ക് സീറ്റ് ലഭിക്കാത്തതിൽ നിരാശൻ, ബി.ജെ.പി ജനാധിപത്യ വിരുദ്ധർ'; ടിക്കാറാം മീണ

രാജസ്ഥാനിൽ കോൺഗ്രസിന് ഇത്തവണ പത്തു സീറ്റുവരെ കിട്ടുമെന്നും മീണ മീഡിയവണിനോട്

MediaOne Logo

Web Desk

  • Updated:

    2024-04-09 04:11:41.0

Published:

9 April 2024 3:53 AM GMT

ലോക്സഭയിലേക്ക് സീറ്റ് ലഭിക്കാത്തതിൽ നിരാശൻ, ബി.ജെ.പി ജനാധിപത്യ വിരുദ്ധർ; ടിക്കാറാം മീണ
X

ജയ്പൂര്‍: രാജസ്ഥാനിൽ കോൺഗ്രസിന് ഇത്തവണ പത്തു സീറ്റുവരെ കിട്ടുമെന്ന് കോൺഗ്രസ് നേതാവും കേരളത്തിന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുമായിരുന്ന ടീക്കാറാം മീണ. ലോക്സഭയിലേക്ക് സീറ്റ് ലഭിക്കാത്തതിൽ നിരാശയുണ്ടെങ്കിലും പ്രചാരണ രംഗത്ത് സജീവമാണെന്ന് അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ച് ജയ്പൂരിലെ വീട്ടിൽ മീഡിയവണിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'വിരമിച്ച ശേഷം ജനങ്ങളെ സേവിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. അതിന് രാഷ്ട്രീയം നല്ലൊരു ഇടമാണ്. കോൺഗ്രസിൽ ചേർന്നപ്പോൾ ആദ്യം കിട്ടിയ ചുമതല തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ തയ്യാറാക്കുന്നതായിരുന്നു. നിയമസഭയിൽ ടിക്കറ്റിന് വേണ്ടി ശ്രമിച്ചിരുന്നു. പക്ഷേ ഹൈക്കമാൻഡിന്റെ നിർദേശ പ്രകാരം പിന്മാറുകയായിരുന്നു. ലോക്‌സഭയിലേക്ക് പരിഗണിക്കാം എന്ന് അന്ന് എന്നോട് പറഞ്ഞിരുന്നു.സീറ്റ് കിട്ടാത്തതിൽ നിരാശയുണ്ട്. മത്സരിക്കുകയാണെങ്കിൽ 100 ശതമാനം വിജയസാധ്യതയുണ്ടായിരുന്നു. എന്റെ കാര്യത്തിൽ ഹൈക്കമാൻഡിനും പരിമിതിയുണ്ടെന്നാണ് മനസിലാക്കുന്നത്'. അദ്ദേഹം പറഞ്ഞു.

'മതത്തിന്റെയും ജാതിയുടെയും പേരിൽ ബി.ജെ.പി ജനങ്ങൾക്കിടയിൽ വിഭജനമുണ്ടാക്കുന്നു. അനാവശ്യമായ വിവാദങ്ങൾ ഉണ്ടാക്കി പ്രതിപക്ഷ നേതാക്കളെ ഇ.ഡിയെ ഉപയോഗിച്ച് ജയിലടക്കുകയാണ്. ജനാധിപത്യം കാത്തുസൂക്ഷിക്കാനും അതിനെ രക്ഷിക്കാനും ഭരണഘടനയെ രക്ഷിക്കാനുള്ള കോൺഗ്രസിന്റെ ശ്രമങ്ങൾ വലിയ ചലനമുണ്ടാക്കിയിട്ടുണ്ട്'. മീണ പറഞ്ഞു.

കോൺഗ്രസിലേക്ക് തന്നെ കൊണ്ടുവന്നത് കെ.സി വേണുഗോപാലാണെന്നും മീണ പറഞ്ഞു. 'ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നുണ്ട്. ബി.ജെ.പിയിലേക്ക് നേതാക്കൾ പോകുന്നത് ചിലപ്പോൾ ഇ.ഡിയെയും മറ്റും ഭയന്നോ,സമ്മർദം മൂലമോ ആയിരിക്കും. ചതി കാണിക്കുന്നത് ശരിയല്ല. ബി.ജെ.പിയിൽ എത്തിയാൽ അവർക്ക് അവിടെ എന്താണ് സംഭവിക്കുന്നതെന്ന് അവർക്ക് പിന്നീട് മനസിലാകും. ഇത്തവണ രാജസ്ഥാനിൽ 10 സീറ്റ് വരെ കിട്ടാൻ സാധ്യതയുണ്ട്'. ടിക്കാറാം മീണ വ്യക്തമാക്കി.



TAGS :

Next Story