Quantcast

കണ്ണമ്പ്ര റൈസ്മില്ലിന് ഭൂമി വാങ്ങിയതിൽ ക്രമകേട്; സി.പി.എം നേതാക്കൾക്കെതിരെ അച്ചടക്ക നടപടി

ജില്ല സെക്രട്ടേറിയേറ്റ് അംഗം സി.കെ ചാമുണ്ണിയെ ജില്ല കമ്മറ്റിയിലേക്ക് തരം താഴ്ത്തി

MediaOne Logo

Web Desk

  • Published:

    21 Sep 2021 1:10 AM GMT

കണ്ണമ്പ്ര റൈസ്മില്ലിന് ഭൂമി വാങ്ങിയതിൽ ക്രമകേട്; സി.പി.എം നേതാക്കൾക്കെതിരെ അച്ചടക്ക നടപടി
X

പാലക്കാട് സി.പി.എം നേതാക്കൾക്കെതിരെ അച്ചടക്ക നടപടി. കണ്ണമ്പ്ര സഹകരണ റൈസ് മില്ലിനായി ഭൂമിയിടപാടിൽ മൂന്നര കോടി രൂപയുടെ അഴിമതിയുണ്ടെന്ന് പാർട്ടി കമ്മീഷൻ കണ്ടെത്തിയതിനെ തുടർന്ന് ജില്ലാ സെക്രട്ടേറിയേറ്റ് അംഗം സി.കെ ചാമുണ്ണിയെ ജില്ലാ കമ്മറ്റിയിലേക്ക് തരംതാഴ്ത്തി. ചാമുണ്ണിയുടെ ബന്ധു ആർ. സുരേന്ദ്രനെ പാർട്ടിയിൽ നിന്നും പുറത്താക്കി. തെരഞ്ഞെടുപ്പ് ഫണ്ട് പിരിവിൽ ക്രമക്കേട് നടത്തിയതിന് വടക്കഞ്ചേരി ഏരിയാ സെക്രട്ടറി കെ. ബാലനെ ലോക്കൽ കമ്മറ്റിയിലേക്ക് തരംതാഴ്ത്തി. ഇന്നലെ ചേർന്ന ജില്ലാ കമ്മറ്റി യോഗത്തിലാണ് തീരുമാനം.

സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവൻ, കേന്ദ്ര കമ്മറ്റിയംഗം എ.കെ ബാലൻ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ്- ജില്ലാ കമ്മറ്റി യോഗത്തിലാണ് നേതാക്കൾക്കെതിരെ നടപടി സ്വീകരിച്ചത്. സഹകരണ ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ച് നടപ്പിലാക്കിയ പദ്ധതിയിൽ പാർട്ടി ചുമതല വഹിച്ച ജില്ലാ സെക്രട്ടറിയേറ്റംഗം സി.കെ ചാമുണ്ണി വീഴ്ച വരുത്തിയെന്നാണ് കണ്ടെത്തൽ. ഇതേ തുടർന്നാണ് ചാമുണ്ണിയെ ജില്ലാ കമ്മറ്റിയിലേക്ക് തരംതാഴ്ത്താൻ തീരുമാനിച്ചത്. കണ്ണമ്പ്ര ചൂർകുന്ന് ബ്രാഞ്ച് കമ്മറ്റിയംഗവും, കണ്ണമ്പ്ര സഹകരണ ബാങ്ക് ഹോണററി സെക്രട്ടറിയുമായ ആർ സുരേന്ദ്രനാണ് ഭൂമി വാങ്ങുന്നതിന് നേതൃത്വം നൽകിയത്.

താക്കീത് നൽകാനായിരുന്നു ജില്ലാ സെക്രട്ടറിയേറ്റിൻ്റെ തീരുമാനം. ഈ നിർദ്ദേശം തള്ളിയാണ് ജില്ലാ കമ്മറ്റി തരം താഴ്ത്തിയത്. ഒറ്റപ്പാലം അർബൻ ബാങ്ക് ക്രമക്കേട് സംബന്ധിച്ച കമ്മീഷൻ റിപ്പോർട്ട് അടുത്ത കമ്മറ്റിയിൽ ചർച്ച ചെയ്യും. പുതുശ്ശേരി ഏരിയാ കമ്മറ്റി വിവിധ നേതാക്കൾക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടികൾക്ക് അംഗീകാരം നൽകാൻ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്നും ജില്ലാ കമ്മിറ്റി വിലയിരുത്തി. അടുത്ത ജില്ല കമ്മറ്റിയിൽ കൂടുതൽ പേർക്കെതിരെ നടപടി ഉണ്ടാകാനാണ് സാധ്യത.

TAGS :

Next Story