പട്ടികജാതി വിഭാഗത്തോട് വിവേചനം: നിർമാണ മേഖലയിൽ സഹകരണ സംഘത്തിന് അനുമതിയില്ല
പട്ടിക ജാതിക്കാർക്ക് മാത്രമായി ഉണ്ടാക്കുന്ന സഹകരണ സംഘത്തിന് വിജയ സാധ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സഹകരണ വകുപ്പ് അപേക്ഷ തള്ളിയത്
പാലക്കാട്: നിർമാണ മേഖലയിൽ പട്ടികജാതി വിഭാഗത്തിനായി സഹകരണ സംഘം തുടങ്ങാനള്ള നീക്കത്തിന് സഹകരണ വകുപ്പ് തുരങ്കം വെക്കുന്നു. പട്ടിക ജാതിക്കാർക്ക് മാത്രമായി ഉണ്ടാക്കുന്ന സഹകരണ സംഘത്തിന് വിജയ സാധ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സഹകരണ വകുപ്പ് അപേക്ഷ തള്ളിയത്. ഇത്തരം സംഘങ്ങൾ പൊതുസമൂഹത്തിന് ഗുണം ചെയ്യില്ലെന്നും വകുപ്പ് വാദിക്കുന്നു. പാലക്കാട് ജോയിന്‍റ് രജിസ്ട്രാർ ഓഫീസാണ് വിചിത്ര വാദങ്ങളുന്നയിച്ച് അപേക്ഷ നിരസിച്ചത്.
പാലക്കാട് എസ്.സി ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്ന പേരിൽ നിർമാണ മേഖലയിൽ സഹകരണ സംഘം രൂപീകരിക്കാൻ 4 വർഷം മുമ്പാണ് 25 പേർ ചേർന്ന് അപേക്ഷ നൽകുന്നത്. നിർമാണ മേഖലയിലെ പട്ടിക ജാതി വിഭാഗത്തിൽപെട്ടവരുടെ ഉന്നമനം ലക്ഷ്യമിട്ട് സഹകരണ സംഘം രൂപീകരിക്കാൻ വേണ്ടിയുള്ള സംസ്ഥാനത്തെ ആദ്യത്തെ അപേക്ഷയായിരുന്നു ഇത്. എന്നാൽ 2018 ആഗസ്റ്റ് 17 ന് പാലക്കാട് സഹകരണ സംഘം ജോയിൻ രജിസ്ട്രാർ ഈ അപേക്ഷ തള്ളി. അപേക്ഷകർ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെന്ന് പറഞ്ഞാണ് അപേക്ഷ തള്ളിയത്. ഈ പിഴവ് തിരുത്തി അപേക്ഷ സമർപിച്ചപ്പോൾ 2019 ആഗസ്തിൽ വീണ്ടും തള്ളി. സംഘത്തിന് വേണ്ടി സമർപ്പിച്ച പദ്ധതി റിപ്പോർട്ട് അവ്യക്തവും അപൂർണവുമാണെന്നായിരുന്നു രണ്ടാം തവണ സഹകരണ വകുപ്പ് അപേക്ഷ തള്ളിക്കളയാന്‍ ഉന്നയിച്ച പ്രധാന കാരണം. ഇതും പരിഹരിച്ച് മൂന്നാം വട്ടം നൽകിയ അപേക്ഷ തള്ളിയത് 2021 മാർച്ച് 24നാണ്. അതിന് പറയുന്ന കാരണങ്ങൾ ഇങ്ങനെയാണ്:
- പട്ടിക ജാതി വിഭാഗക്കാർക്ക് മാത്രം അംഗത്വം നൽകുന്ന സംഘത്തിന്‍റെ പദ്ധതിക്ക് വിജയ സാധ്യത കുറവാണ്.
- പട്ടിക ജാതിയേതര വിഭാഗങ്ങൾക്ക് സംഘത്തിൽ അംഗത്വം നൽകാത്തതിനാൽ പൊതു സമൂഹത്തിന് പദ്ധതി ഗുണകരമാകില്ല.
- ഇത്തരം സംഘം സഹകരണ പ്രസ്ഥാനത്തിന് ഗുണം ചെയ്യില്ല.
പട്ടിക ജാതിയേതര വിഭാഗങ്ങൾക്ക് 10 ശതമാനം അംഗത്വം നൽകുമെന്ന് പാലക്കാട് എസ്.സി ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസെറ്റിയുടെ നിയമാവലിയിൽ പറയുന്നുണ്ട്. ഇത് മറച്ചുവച്ചാണ് വംശീയ സ്വഭാവമുള്ള കാരണങ്ങളുന്നയിച്ച് പാലക്കാട് ജോയിന്‍റ് രജിട്രാർ അപേക്ഷ നിരസിച്ചത്. നിർമാണ മേഖലയിൽ വർഷങ്ങളുടെ പ്രവർത്തന പരിചയവും നൈപുണ്യവും നേടിയവരുടെ കൂട്ടായ്മയാണ് സഹകരണ സംഘം തുടങ്ങാൻ മുൻകൈയ്യെടുത്തത്. നിർമാണ സാമഗ്രികളും മറ്റും കൈവശമുള്ളതിനാൽ കാര്യമായ മുടക്കുമുതലും ഇവർക്ക് വേണ്ടിവരില്ല. നിയമ തടസങ്ങൾ ഒന്നുമില്ലെങ്കിലും പട്ടിക ജാതിക്കാർക്കായി നിർമാണ മേഖലയിൽ സഹകരണ സംഘം തുടങ്ങാൻ അനുവദിക്കില്ലെന്നാണ് ഉദ്യോഗസ്ഥ നിലപാട്. ഓരോ ഘട്ടത്തിലും സഹകരണ വകുപ്പ് പറയുന്ന കാരണങ്ങൾ അപേക്ഷ നിരസിക്കുന്നതിന് പിന്നിൽ സാമൂഹിക വിവേചനമാണെന്ന ആരോപണവും ശരിവക്കുന്നുണ്ട്.
Adjust Story Font
16