Quantcast

ഉന്നതാധികാര സമിതിയുടെ ഭരണഘടനാ സാധുതയെച്ചൊല്ലി ലീഗ് യോഗത്തിൽ ചർച്ച; എല്ലാ മാസവും ഭാരവാഹി യോഗം ചേരാൻ തീരുമാനം

മെമ്പർഷിപ്പ് കാംപയിൻ വീണ്ടും മാറ്റിവച്ചു

MediaOne Logo

എം.കെ ഷുക്കൂര്‍

  • Updated:

    2022-01-09 17:30:43.0

Published:

9 Jan 2022 5:07 PM GMT

ഉന്നതാധികാര സമിതിയുടെ ഭരണഘടനാ സാധുതയെച്ചൊല്ലി ലീഗ് യോഗത്തിൽ ചർച്ച; എല്ലാ മാസവും ഭാരവാഹി യോഗം ചേരാൻ തീരുമാനം
X

കോഴിക്കോട്: ഏറെ മുറവിളികൾക്കുശേഷം ചേർന്ന മുസ്‌ലിം ലീഗ് ഭാരവാഹി യോഗത്തിൽ ഉന്നതാധികാര സമിതിയുടെ ഭരണഘടനാ സാധുത ചർച്ചയായി. ഒന്നര വർഷമായി ഭാരവാഹി യോഗം ചേരാത്തത് ഒരു വിഭാഗം നേതാക്കൾ ഉന്നയിച്ചതോടെയാണ് ചർച്ച ഉന്നതാധികാര സമിതിയിലേക്ക് നീണ്ടത്. തുടർന്ന് എല്ലാ മാസവും ഭാരവാഹി യോഗം വിളിക്കാൻ യോഗം തീരുമാനിച്ചിരിക്കുകയാണ്.

സെക്രട്ടേറിയറ്റ് അംഗങ്ങൾ അടങ്ങുന്ന ഭാരവാഹി യോഗം ഒന്നര വർഷമായി ചേരുന്നില്ലെന്ന് കെഎസ് ഹംസ, കെഎം ഷാജി, പിഎം സാദിഖലി എന്നീ നേതാക്കൾ യോഗത്തിൽ ഉന്നയിച്ചു. ഇതിന് പികെ കുഞ്ഞാലിക്കുട്ടി നൽകിയ മറുപടിയാണ് ചർച്ചയ്ക്ക് വഴിവച്ചത്. സംസ്ഥാന ഭാരവാഹി യോഗം പാർട്ടി ഭരണഘടനയിൽ ഇല്ലെന്നായിരുന്നു പികെ കുഞ്ഞാലിക്കുട്ടിയുടെ മറുപടി. ഭാരവാഹി യോഗമല്ല, ഉന്നതാധികാര സമിതിയാണ് ഭരണഘടനയിൽ ഇല്ലാത്തതെന്ന് കെഎം ഷാജിയും പിഎം സാദിഖലിയും പ്രതികരിച്ചു. ഒന്നര വർഷത്തിനിടെ പലവട്ടം ഭാരവാഹികൾ യോഗം ചേർന്നിട്ടുണ്ടെന്ന് പികെ കുഞ്ഞാലിക്കുട്ടി സമർത്ഥിക്കുകയും ചെയ്തു. ഇതിന് ഭാരവാഹികളല്ലാത്ത പികെ ഫിറോസിനെയും മുനവ്വറലി തങ്ങളെയും പങ്കെടുപ്പിച്ചുള്ള യോഗം എങ്ങനെ ഭാരവാഹിയോഗമാകുമെന്ന് മറുചോദ്യമുയർന്നു. തുടർന്ന് സാദിഖലി തങ്ങളുടെ അസാന്നിധ്യത്തിൽ യോഗം നിയന്ത്രിച്ച എംസി മായിൻഹാജി ഇടപെട്ട് ഈ വിഷയത്തിലുള്ള ചർച്ച അവസാനിപ്പിക്കുകയായിരുന്നു.

കോഴിക്കോട് സൗത്ത്, അഴീക്കോട്, ഗുരുവായൂർ, കുറ്റ്യാടി മണ്ഡലങ്ങളിലെ തോൽവിക്ക് ഉത്തരവാദികളായ നേതാക്കൾക്കെതിരെ നടപടി വേണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ പ്രധാന നേതാക്കൾക്കെതിരെ തന്നെ നടപടി വേണമെന്നായിരുന്നു ആവശ്യം. ഗുരുവായൂർ മണ്ഡലത്തിലെ കടപ്പുറം, പുന്നയൂർ പഞ്ചായത്തുകളിലെ ചില നേതാക്കൾക്കെതിരെ നടപടി വേണമെന്ന കമ്മീഷൻ റിപ്പോർട്ട് അംഗീകരിക്കരുതെന്ന് സിഎച്ച് റഷീദ് ആവശ്യപ്പെട്ടു. നടപടിയുടെ കാര്യത്തിൽ തിങ്കളാഴ്ചത്തെ വർക്കിങ് കമ്മിറ്റി യോഗം തീരുമാനമെടുക്കും.

തെക്കൻ കേരളത്തിൽ പാർട്ടി സംവിധാനം പാടേതകർന്നെന്ന് കോട്ടയത്തുനിന്നുള്ള അബ്ദുസ്സലാം ഹാജി ഉന്നയിച്ചു. തെക്കൻ ജില്ലകളിൽ പാർട്ടി തകരുന്ന ഇടങ്ങളിൽ എസ്ഡിപിഐ വളർച്ചയുണ്ടാക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടർന്ന് തിരുവനന്തപുരം, പത്തനംതിട്ട ജില്ലാ കമ്മിറ്റികൾ പുനസ്സംഘടിപ്പിക്കാൻ ധാരണയായിട്ടുണ്ട്.

അതേസമയം, മാർച്ചിൽ നടത്തുമെന്ന് പ്രഖ്യാപിച്ച മെമ്പർഷിപ്പ് കാംപയിൻ വീണ്ടും മാറ്റിവച്ചു. സംഘടനാ സംവിധാനം ക്രമപ്പെടുത്തിയ ശേഷം കാംപയിൻ നടത്താനാണ് തീരുമാനം. ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി പാർട്ടി ഫണ്ട് ശേഖരണം നടത്തും.

TAGS :

Next Story