ലോക്സഭാ തെരഞ്ഞെടുപ്പ്; യുഡിഎഫിൽ സീറ്റ് വിഭജന ചർച്ചകൾ ഇന്ന് തുടങ്ങും
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ മുന്നണിയിലെ ചർച്ചകൾ പൂർത്തീകരിക്കുകയാണ് ലക്ഷ്യം.
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് വിഭജന ചർച്ചകൾ യുഡിഎഫിൽ ഇന്ന് തുടങ്ങും. ആദ്യ ദിനം കേരള കോൺഗ്രസുമായിട്ടാണ് ചർച്ച. ലീഗ് അധികമായി ഒരു സീറ്റ് ആവശ്യപ്പെടാൻ തീരുമാനിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ മുന്നണിയിലെ ചർച്ചകൾ പൂർത്തീകരിക്കുകയാണ് ലക്ഷ്യം. ഈ മാസം തന്നെ കോൺഗ്രസ് എല്ലാ ഘടകകക്ഷികളുമായി ചർച്ച നടത്തും. ഇന്ന് വൈകിട്ട് നാലിന് പ്രതിപക്ഷ നേതാവിൻ്റെ ഔദ്യോഗിക വസതിയിൽ കേരള കോൺഗ്രസുമായിട്ടാണ് ആദ്യ ചർച്ച. കേരള കോൺഗ്രസിന് കോട്ടയവും ആർഎസ്പിക്ക് കൊല്ലവും തന്നെ നൽകും.
മലപ്പുറത്തിനും പൊന്നാനിക്കും പുറമേ ഒരു സീറ്റ് കൂടി വേണമെന്നാണ് ലീഗ് നിലപാട്. രാഹുൽ ഗാന്ധി മത്സരിക്കുന്നില്ലെങ്കിൽ വയനാട് ലഭിക്കണമെന്നാണ് ലീഗിൻ്റെ ആഗ്രഹം. വയനാട് ഇല്ലെങ്കിൽ മലബാറിൽ നിന്ന് തന്നെ ഒരു സീറ്റ് എന്ന നിർദേശവും ലീഗ് ഉഭയകക്ഷി ചർച്ചയിൽ മുന്നോട്ട് വയ്ക്കും.
29നാണ് ലീഗ്- കോൺഗ്രസ് ചർച്ച. സീറ്റ് നൽകില്ലെങ്കിലും കേരള കോൺഗ്രസ് ജേക്കബ്, സിഎംപി, കേരള ഡെമോക്രാറ്റിക് പാര്‍ട്ടി, ജെഎസ്എസ്,ഫോര്‍വേര്‍ഡ് ബ്ലോക്ക് എന്നീ ഘടകകക്ഷികളുമായും കോൺഗ്രസ് പ്രത്യേകം ചർച്ച നടത്തും. കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, യു.ഡി.എഫ് കൺവീനർ എം.എം ഹസൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ ചർച്ചകളിൽ കോൺഗ്രസിനെ പ്രതിനിധീകരിക്കും.
Adjust Story Font
16