കെ.കെ. ശിവരാമന്റെ സ്ഥാനചലനം: ഇടുക്കി സി.പി.ഐയിൽ അസ്വസ്ഥത പുകയുന്നു
ആരുടെയെങ്കിലും മുഖപ്രസാദത്തിന് വേണ്ടി പറയേണ്ടത് പറയാതിരിക്കില്ലെന്ന് ശിവരാമൻ
തൊടുപുഴ: എൽ.ഡി.എഫ് ഇടുക്കി ജില്ലാ കൺവീനർ സ്ഥാനം നഷ്ടപ്പെട്ടതിന് പിന്നാലെ നിലപാട് വ്യക്തമാക്കി സി.പി.ഐ നേതാവ് കെ.കെ. ശിവരാമൻ. സത്യം പറയുമ്പോൾ ചിലർക്ക് അസ്വസ്ഥതകളുണ്ടാകുമെന്നും അത് സർക്കാർ വിരുദ്ധമല്ലെന്നും അദ്ദേഹം മീഡിയ വണിനോട് പറഞ്ഞു. ആരുടെയെങ്കിലും മുഖപ്രസാദത്തിന് വേണ്ടി പറയേണ്ടത് പറയാതിരിക്കില്ലെന്നും ശിവരാമൻ വ്യക്തമാക്കി.
സമൂഹ മാധ്യമങ്ങളിലെ അഭിപ്രായ പ്രകടനങ്ങൾ അതിരുകടന്നെന്ന വിമർശനം ഉയർന്നതോടെയാണ് കെ.കെ. ശിവരാമനെതിരെയുള്ള പടയൊരുക്കം പാർട്ടിയിലും മുന്നണിയിലും തുടങ്ങിയത്. ബാർ കോഴ വിവാദത്തിലും ഇടുക്കിയിലെ കയ്യേറ്റ വിഷയങ്ങളിലുമുള്ള തുറന്നുപറച്ചിൽ സർക്കാരിനെ തന്നെ വെട്ടിലാക്കി. പാർട്ടിയുടെ ചട്ടക്കൂടിനുള്ളിൽ നിന്നുള്ള അഭിപ്രായപ്രകടനങ്ങൾ ആരെയെങ്കിലും അസ്വസ്ഥതപ്പെടുത്തുന്നുണ്ടെങ്കിൽ അത് വക വെക്കുന്നില്ലെന്നും ശിവരാമൻ തുറന്നടിച്ചു.
ജില്ലയിലെ ഭൂപ്രശ്നങ്ങളെ ക്കുറിച്ച് താൻ ഇട്ട പല പോസ്റ്റുകളും ചിലർക്കൊക്കെ അസ്വസ്ഥതകളുണ്ടാക്കിയിട്ടുണ്ട്. സത്യം ചിലതൊക്കെ അങ്ങനെയാണ്. സർക്കാർ നിലപാടുകൾക്ക് വിരുദ്ധമായി ചില കാര്യങ്ങൾ നടക്കുമ്പോൾ അത് ചൂണ്ടിക്കാണിക്കുന്നത് സർക്കാർ വിരുദ്ധമാണെന്ന് കരുതുന്നില്ല.
പതിനെട്ടാമത്തെ വയസ്സിൽ പാർട്ടിയിൽ ചേർന്ന താൻ 16 വർഷം ജില്ലാ സെക്രട്ടറിയായിരുന്നു. അതിൽ വലിയൊരു കാലയളവും സി.പി.എമ്മിനെ നേരിട്ടുകൊണ്ടാണ് പാർട്ടിയെ നയിച്ചതെന്നും ശിവരാമൻ പറഞ്ഞു.
2012 മുതൽ 2018 വരെ അത് രൂക്ഷമായിരുന്നു. മണിയാശാനും താനും രണ്ട് തട്ടിൽ നിന്നിട്ടുണ്ട്. അന്നും സി.പി.ഐയെ പ്രതിക്കൂട്ടിലാക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളും പ്രസ്താവനകളും നടന്നിട്ടുണ്ട്. അതെല്ലാം വിഷയാധിഷ്ടിതമാണ്.അപ്പോഴും എൽ.ഡി.എഫിന്റെ പ്രവർത്തനങ്ങളിൽ യോജിപ്പായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
തൻ്റെ സ്ഥാനചലനത്തിന് പിന്നിൽ സി.പി.എമ്മിലെയും പാർട്ടിയിലെ ഒരു വിഭാഗത്തിൻ്റെയും നീക്കമാണെന്ന് പറയാതെ പറയുകയാണ് കെ.കെ. ശിവരാമൻ. അതേസമയം നാല് ജില്ലകളിലും ജില്ല സെക്രട്ടറിമാർ തന്നെ കൺവീനർ ആയാൽ മതിയെന്നത് സംസ്ഥന കമ്മിറ്റി തീരുമാനമെന്നാണ് സി.പി.ഐ നേതൃത്വത്തിൻ്റെ ഔദ്യോഗിക വിശദീകരണം.
തുറന്നുപറച്ചിലും ഉറച്ച നിലപാടുകളുമായി പാർട്ടിയോടൊപ്പമുണ്ടാകുമെന്ന് പറയുമ്പോഴും ജില്ലയിൽ പതിറ്റാണ്ടുകാലം സി.പി.ഐയെ നയിച്ച കെ.കെ. ശിവരാമൻ്റെ സ്ഥാനചലനം പാർട്ടിയിലും മുന്നണിയിലും തുടർ ചർച്ചകൾക്ക് വഴിയൊരുക്കുമെന്ന് ഉറപ്പാണ്.
Adjust Story Font
16