സമസ്തയിലെ തർക്കം: സമവായ ചർച്ച നാളെ മലപ്പുറത്ത്
ഇരുവിഭാഗത്തിൽ നിന്നും 10 പേർ വീതം ചർച്ചയിൽ പങ്കെടുക്കുമെന്നാണ് വിവരം.
കോഴിക്കോട്: സമസ്തയിലെ തർക്ക പരിഹാരത്തിനായി സമവായ ചർച്ച നാളെ മലപ്പുറത്ത് നടക്കും. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാർ, എം.ടി അബ്ദുല്ല മുസ്‌ലിയാർ, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവരാണ് ചർച്ചക്ക് നേതൃത്വം കൊടുക്കുന്നത്.
ഏറെനാളായി സമസ്തയിൽ നിലനിൽക്കുന്ന തർക്കത്തിന് ശാശ്വത പരിഹാരം കാണുക എന്നതാണ് ചർച്ചയിലൂടെ ഉദ്ദേശിക്കുന്നത്. സമസ്തയിൽ ലീഗ് അനുകൂല വിഭാഗവും ലീഗ് വിരുദ്ധവും തമ്മിലുള്ള ഭിന്നത പരസ്യമായ പോരിലേക്ക് നീങ്ങിയതോടെയാണ് നേതൃത്വത്തിന്റെ ഇടപെടൽ. സമസ്ത തള്ളിയ സിഐസിക്ക് ലീഗ് പിന്തുണ കൊടുക്കുന്നതിൽ സമസ്തയിലെ ഒരു വിഭാഗത്തിന് കടുത്ത എതിർപ്പുണ്ട്. സുപ്രഭാതം പത്രത്തിലെ സിപിഎം അനുകൂല പരസ്യം പത്രത്തിന്റെ നയത്തിന് എതിരാണ് എന്നാണ് ലീഗ് അനുകൂല വിഭാഗത്തിന്റെ വാദം.
സമസ്തയിലെ ലീഗ് വിരുദ്ധ നീക്കത്തിനെതിരെ സമസ്ത ആദർശ സംരക്ഷണ സമിതി എന്ന പേരിൽ ഒരു വിഭാഗം കോഴിക്കോട്ട് ബദൽ സംവിധാനവുമായി രംഗത്തെത്തിയിരുന്നു. തുടർനീക്കങ്ങളുമായി ഇവർ മുന്നോട്ട് പോകാൻ തീരുമാനിച്ചതോടെയാണ് ചർച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാൻ ലീഗ്-സമസ്ത നേതൃത്വം തീരുമാനിച്ചത്. ഇരുവിഭാഗത്തിൽ നിന്നും 10 പേർ വീതം ചർച്ചയിൽ പങ്കെടുക്കുമെന്നാണ് വിവരം.
Adjust Story Font
16