'കേന്ദ്രമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായം, മുകേഷ് രാജിവെക്കണം': സുരേഷ് ഗോപിയെ തള്ളി ബി.ജെ.പി
മുകേഷിനെ പിന്തുണക്കുന്ന രീതിയില്‍ സംസാരിച്ച സുരേഷ് ഗോപിയെ തള്ളി ബി.ജെ.പി
തിരുവനന്തപുരം: മുകേഷിനെതിരായ ആരോപണത്തിൽ ബി.ജെ.പിയിൽ ഭിന്നത. മുകേഷിനെ പിന്തുണക്കുന്ന രീതിയില്‍ സംസാരിച്ച സുരേഷ് ഗോപിയെ തള്ളി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ രംഗത്തെത്തി.
ആരോപണങ്ങൾ മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. നിങ്ങൾ കോടതിയാണോ എന്ന് ചോദിച്ച് മാധ്യമങ്ങളോട് തട്ടിക്കയറിയ സുരേഷ് ഗോപി അന്തിമ തീരുമാനം കോടതി സ്വീകരിക്കുമെന്നും പറഞ്ഞിരുന്നു.
എന്നാല്‍ മുകേഷ് രാജിവെക്കണമെന്നാണ് പാർട്ടി നിലപാടെന്നും സുരേഷ് ഗോപി പാർട്ടിക്കൊപ്പം പ്രവർത്തിക്കണമെന്നുമായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
ധാർമ്മികത ഉയർത്തിപ്പിടിക്കേണ്ട ബാധ്യത മുകേഷിനുണ്ട്. ഇഷ്ടക്കാർക്ക് എന്തുമാകാമെന്ന സർക്കാർ നിലപാടാണ് മുകേഷിന്റെ ധാർഷ്ട്യത്തിന് അടിസ്ഥാനം. കൊല്ലം എം.എൽ.എയുടെ രാജി എഴുതി വാങ്ങാൻ മുഖ്യമന്ത്രി പിണറായി തയ്യാറാകണം. ചലച്ചിത്ര മേഖലയിലെ അനാശാസ്യ പ്രവണതകൾ കാണാതെ പോകരുത്. വരുന്നത് ഗുരുതരമായ ആരോപണം ആണെന്നും സുരേന്ദ്രൻ പറഞ്ഞു.
സിനിമാ മേഖലക്കെതിരായ ആരോപണങ്ങൾ മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായാണ് സുരേഷ് ഗോപി പ്രതികരിച്ചത്. ഒരു വലിയ സംവിധാനത്തെ തകിടം മറിക്കുകയാണ് മാധ്യമങ്ങൾ. അന്തിമ തീരുമാനം കോടതി സ്വീകരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
'' ഇത് നിങ്ങളുടെ തീറ്റയാണ്. ആടിനെ തമ്മിൽ തല്ലിച്ച് ചോരകുടിക്കുകയാണ്. നിങ്ങളത് വെച്ച് കാശുണ്ടാക്കിക്കോ. ഒരു കുഴപ്പവുമില്ല. പക്ഷേ വലിയൊരു സംവിധാനത്തെ തകിടം മറിക്കുകയാണ് നിങ്ങൾ. ഈ വിഷയങ്ങളെല്ലാം കോടതിക്ക് മുന്നിലുണ്ട്. കോടതി ഇക്കാര്യത്തിൽ തീരുമാനം എടുക്കും. പരാതികളെല്ലാം ആരോപണത്തിന്റെ രൂപത്തിലാണ് നിൽക്കുന്നത്''- ഇങ്ങനെയായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകള്‍.
Adjust Story Font
16