കെ-റെയിലും തൃക്കാക്കരയും കൂട്ടിക്കുഴയ്‌ക്കേണ്ട: ഇ.പി ജയരാജൻ
കെ-റെയിൽ കേരളത്തിന്റെയാകെ വികസന രേഖയാണെന്നും ഇ.പി ജയരാജൻ
കെ-റെയിലും തൃക്കാക്കര ഉപതെരഞ്ഞെടുപ്പും തമ്മിൽ കൂട്ടികുഴയ്‌ക്കേണ്ടതില്ലെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. തൃക്കാക്കരയിൽ കെ-റെയിൽ വിഷയം മുഖ്യ പ്രചാരണ വിഷയമാകുമെന്ന് യു.ഡി.എഫ് വ്യക്തമാക്കിയതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമർശം. മീഡിയവണിന്റെ അഭിമുഖ പരിപാടിയായ എഡിറ്റോറിയലിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കെ-റെയിൽ കേരളത്തിന്റെയാകെ വികസന രേഖയാണ്, തൃക്കാക്കരയിൽ വിജയിച്ചാൽ കെ-റെയിലിനുള്ള അംഗീകാരം കൂടിയാകും അത്, തോൽക്കുകയാണെങ്കിൽ കെ-റെയിലിന് അംഗീകാരമില്ലെന്ന് പറയാനാകില്ലെന്നും ഇ.പി ജയരാജൻ കൂട്ടിച്ചേർത്തു. തൃക്കാക്കര തെരഞ്ഞെടുപ്പിൽ കെ-റെയിലാണ് യു.ഡി.എഫിന്റെ മുഖ്യ പ്രചാരണ വിഷയം. നിയമസഭയിൽ 99 സീറ്റിൽ നിൽക്കുന്ന ഇടത് മുന്നണിക്ക് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വിജയിച്ചാൽ അംഗബലത്തിൽ സെഞ്ച്വറി അടിക്കാൻ കഴിയും. 41 സീറ്റ് മാത്രമുണ്ടായിരുന്ന യു.ഡി.എഫിന് അംഗബലം കുറയാതിരിക്കുക എന്ന വലിയ വെല്ലുവിളി നിലനിൽക്കുന്നുമുണ്ട്.
ചുരുക്കത്തിൽ എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ നടക്കുന്ന തെരഞ്ഞെടുപ്പ് യുദ്ധമായി തൃക്കാക്കര മാറും എന്ന കാര്യത്തിൽ സംശയമില്ല. കഴിഞ്ഞ തവണത്തേക്കാൾ വോട്ട് നേടി ശക്തി തെളിയിക്കുക എന്ന വലിയ വെല്ലുവിളി ബി.ജെ.പിയ്ക്കുമുണ്ട്. കെ റെയിലിനെതിരെ സംസ്ഥാനവ്യാപക പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്ന യു.ഡി.എഫിന്, ജനം ഈ പദ്ധതിക്ക് എതിരാണ് എന്ന് വിളിച്ച് പറയാൻ തൃക്കാക്കരയിൽ വിജയം അനിവാര്യമാണ്.
ഉറച്ച സീറ്റിൽ തോൽവി ഉണ്ടായാൽ കെ സുധാകരന്റേയും വി.ഡി സതീഷന്റേയും നേതൃത്വവും കോൺഗ്രസിൽ ചോദ്യം ചെയ്യപ്പെടും. എന്നാൽ കെ റെയിൽ പ്രതിഷേധങ്ങൾ ജനങ്ങൾ തള്ളിയെന്ന് പറയാൻ എൽ.ഡി.എഫിനും വിജയക്കൊടി നാട്ടേണ്ടി വരും.വിജയം നേടാനായാൽ കെ റെയിൽ വിരുദ്ധ പ്രക്ഷോഭങ്ങൾ തണുക്കുമെന്നും എൽ.ഡി.എഫ് കണക്ക് കൂട്ടുന്നുണ്ട്. കണക്കുകൾ യു.ഡി.എഫിന് അനുകൂലമാണെങ്കിലും സർവ്വായുധങ്ങളും എടുത്ത് പ്രയോഗിക്കാനാണ് എൽ.ഡി.എഫ് തീരുമാനം. അതേസമയം, കഴിഞ്ഞ തവണ നേടിയ 15000 ത്തോളം വോട്ട് കുറയാതിരിക്കുക എന്ന വെല്ലുവിളി ബി.ജെ.പി നേതൃത്വത്തിനുമുണ്ട്.
Adjust Story Font
16