Quantcast

'അനുമതിയില്ലാതെ സംഘടനകൾ രൂപീകരിക്കരുത്'; കർശനനിർദേശവുമായി കെപിസിസി

അനുമതിയില്ലാത്ത സംഘടനാ പ്രവർത്തനം നടത്തുന്നവരെ ഔദ്യോഗിക സ്ഥാനങ്ങളിൽനിന്ന് നീക്കുമെന്ന് കെപിസിസി അധ്യക്ഷൻ സുധാകരൻ അറിയിച്ചു

MediaOne Logo

Web Desk

  • Updated:

    2021-10-07 18:19:39.0

Published:

7 Oct 2021 5:45 PM GMT

അനുമതിയില്ലാതെ സംഘടനകൾ രൂപീകരിക്കരുത്; കർശനനിർദേശവുമായി കെപിസിസി
X

കോൺഗ്രസിൽ സമാന്തര സംഘടനാ പ്രവർത്തനത്തിന് നിരോധനം. കെപിസിസിയുടെ അനുമതിയില്ലാതെ സംഘടനകൾ രൂപീകരിക്കരുതെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി അറിയിച്ചു. അനുമതിയില്ലാത്ത സംഘടനാ പ്രവർത്തനം നടത്തുന്നവരെ ഔദ്യോഗിക സ്ഥാനങ്ങളിൽനിന്ന് നീക്കുമെന്നും സുധാകരൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കോൺഗ്രസ് പാർട്ടിയെ ദുർബലപ്പെടുത്തുന്ന രീതിയിൽ ചില നേതാക്കളും പ്രവർത്തകരും പല പേരുകളിൽ സംഘടനകൾ ഉണ്ടാക്കി പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കെപിസിസിയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഇത്തരം സംഘടനകൾ രൂപീകരിക്കുകയോ അവയിൽ പ്രവർത്തിക്കുകയോ ചെയ്യുന്നത് സമാന്തര പ്രവർത്തനമായി കണക്കാക്കും. അത്തരം ആളുകളെ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനങ്ങളിൽനിന്ന് നീക്കംചെയ്യുമെന്നും കെ സുധാകരൻ എംപി അറിയിച്ചു.

രമേശ് ചെന്നിത്തല അധ്യക്ഷനായ 'സംസ്‌കാര'യുടെ പരിപാടിയിൽ സംഘർഷമുണ്ടായതിനു പിന്നാലെയാണ് കെപിസിസി നിർദേശം പുറത്തുവരുന്നത്. ചെന്നിത്തല പങ്കെടുക്കാനിരുന്ന കാസർക്കോട് പിലിക്കോട്ടെ പരിപാടിക്കിടെ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി നടന്നിരുന്നു. പിലിക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധത്തെത്തുടർന്ന് പൊതുപരിപാടി റദ്ദാക്കുകയും ചെയ്തു. ഒരു വിഭാഗം നേതാക്കൾ ഗ്രൂപ്പ് കളിക്കുന്നു എന്നാരോപിച്ചാണ് മണ്ഡലം കോൺഗ്രസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പ്രതിഷേധം ഉയർത്തിയത്.

മുൻ എംഎൽഎ കെപി കുഞ്ഞിക്കണ്ണൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ പ്രവർത്തകർ തടഞ്ഞു. ചന്തേര പൊലീസ് ലാത്തി വീശിയാണ് പ്രവർത്തകരെ പിന്തിരിപ്പിച്ചത്. കെപിസിസി പ്രസിഡന്റിന്റെ അനുമതിയോടെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് കെപി കുഞ്ഞിക്കണ്ണൻ പറഞ്ഞു.

TAGS :

Next Story