ഡാമിൽ നിന്ന് വരുന്ന മീനുകളെ പിടിക്കാനായി പുഴയിലേക്ക് ചാടരുത്; മുന്നറിയിപ്പുമായി പൊലീസ്
മൂന്ന് വർഷത്തിന് ശേഷമാണ് ഇടുക്കി അണക്കെട്ട് ഇന്ന് തുറന്നത്
കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് ഡാമുകൾ തുറന്ന് വിടുമ്പോൾ ഒഴുകി വരുന്ന മീനുകളെ പിടിക്കാൻ പുഴയിലേക്ക് ചാടുന്നവർക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. ഇത്തരത്തിൽ മീൻ പിടിക്കാനായി പുഴയിലേക്ക് ചാടുന്ന അപകടകരമായ പ്രവണത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അത് ജീവൻ ആപത്താണെന്നും പൊലീസ് പറയുന്നു. മീൻ പിടിക്കുന്നതിനായി ആളുകൾ പുഴയിലേക്ക് ചാടുന്ന വീഡിയോയും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.
മൂന്ന് വർഷത്തിന് ശേഷമാണ് ഇടുക്കി അണക്കെട്ട് ഇന്ന് തുറന്നത്. ജലനിരപ്പ് 2395 അടിയിലോ 2396 അടിയിലോ നിയന്ത്രിക്കുകയാണ് ലക്ഷ്യം. മുന്‍കാല അനുഭവത്തിന്‍റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഡാം തുറക്കാൻ അടിയന്തര തീരുമാനമെടുത്തതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. വെള്ളം ഒഴുകി വരുന്ന പ്രദേശത്തുള്ളവർക്ക് കനത്ത ജാഗ്രതാ നിർദേശം നൽകി. പെരിയാറിന്റെ തീരത്തേക്കിറങ്ങരുത്. അറബിക്കടലിൽ വെള്ളമെത്തുന്നതോടെ തിരമാല ശക്തമാകുമെന്നതിനാൽ കടൽ തീരത്തും ജാഗ്രത വേണം. ഡാം തുറക്കുമ്പോഴുള്ള കുത്തൊഴുക്കിൽ പുഴ മുറിച്ചു കടക്കുന്നത് നിരോധിച്ചു. പുഴകളില്‍ മീന്‍ പിടിത്തവും പാടില്ല. നദിയില്‍ കുളിക്കുന്നതും തുണി അലക്കുന്നതും ഒഴിവാക്കണം. വീഡിയോ പകർത്തൽ, സെല്‍ഫി, ഫേസ്ബുക്ക് ലൈവ് എന്നിവ കര്‍ശനമായി നിരോധിച്ചു. വെള്ളം കടന്നുപോകുന്ന മേഖലകളില്‍ വിനോദ സഞ്ചാരത്തിന് നിയന്ത്രണവും ഏർപ്പെടുത്തി. മാധ്യമങ്ങൾക്കും നിശ്ചിത സ്ഥാനത്ത് നിന്നാണ് വാർത്താ സംപ്രേഷണത്തിന് അനുമതി.
Adjust Story Font
16