'പണം കിട്ടാത്തതിന് ഉദ്ഘാടനം നടത്തിയവരുടെ വീട്ടിലേക്കാണോ വരേണ്ടത്'; മുൻ മന്ത്രി വി.എസ്.ശിവകുമാർ
ബാങ്കുമായി ഒരു ബന്ധവുമില്ലെന്നും സത്യസന്ധമായി ജീവിക്കുന്നയാളാണ് താനെന്നും വി.എസ്.ശിവകുമാർ പറഞ്ഞു
തിരുവനന്തപുരം: സഹകരണ സൊസൈറ്റിയുമായി ഒരു ബന്ധവുമില്ലെന്ന് മുൻ മന്ത്രി വി.എസ്.ശിവകുമാർ. സത്യസന്ധമായി ജീവിക്കുന്നയാളാണ് താനെന്നും ഒരാളോടുപോലും ബാങ്കിൽ പണം നിക്ഷേപിക്കാനാവശ്യപ്പെട്ടിട്ടില്ലെന്നും പറഞ്ഞ അദ്ദേഹം നിയമപരമായി മുന്നോട്ടു പോകുമെന്നും കൂട്ടിച്ചേർത്തു.
2006ൽ ഡി.സി.സി പ്രസിഡന്റായിരുന്ന സമയത്ത് താൻ ബാങ്ക് ഉദ്ഘാടനം ചെയ്തിരുന്നു. പണം കിട്ടാത്തതിന് ഉദ്ഘാടനം നടത്തിയവരുടെ വീട്ടിലേക്കാണോ വരേണ്ടതെന്നും അദ്ദേഹം ചോദിച്ചു. കേസിൽ ആരോപണ വിധേയനായ രാജേന്ദ്രൻ പാർട്ടിക്കാനായിരുന്നെന്നും എന്നാൽ മന്ത്രിയായിരുന്നപ്പോള്‍ രാജേന്ദ്രൻ തന്റെ സ്റ്റാഫായിരുന്നില്ലെന്നും ശിവകുമാർ കൂട്ടിച്ചേർത്തു. വി.എസ്.ശിവകുമാറിന്റെ ബിനാമിയാണ് രാജേന്ദ്രനെന്നാണ് നിക്ഷേപകരുടെ ആക്ഷേപം.
സൊസൈറ്റി പ്രസിഡൻറ് എം.രാജേന്ദ്രൻ ബാങ്കിലെ പണം മുഴുവൻ പിൻവലിച്ചെന്ന് ആക്ഷേപമുയർന്നിരുന്നു. ശിവകുമാർ മന്ത്രിയായിരിക്കെ രാജേന്ദ്രൻ പി.എ ആയിരുന്നെന്നും ശിവകുമാറിന്റെ ഉത്തരവാദിത്തത്തിലാണ് നിക്ഷേപകർ പണം നിക്ഷേപിച്ചതെന്നും ആരോപിച്ച് അൺ എംപ്ലോയീസ് സോഷ്യൽ വെൽഫയർ കോപ്പറേറ്റീവ് സൊസൈറ്റി നിക്ഷേപകർ അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് പ്രതിഷേധവുമായി എത്തിയിരുന്നു. മൂന്ന് ബ്രാഞ്ച് ഉണ്ടായിരുന്ന സ്ഥാപനത്തിൽ നിന്നും 300ലേറെ പേർക്കാണ് പണം നഷ്ടമായത്.
Adjust Story Font
16