മൃതദേഹം തിരിച്ചുവാങ്ങി പോസ്റ്റ്‌മോർട്ടം; തൃശൂർ മെഡിക്കൽ കോളജിലെ ഡോക്ടറെ സസ്‌പെൻഡ് ചെയ്തു
സംഭവത്തിൽ ആരോഗ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു
തൃശൂർ: വാഹനാപകടത്തിൽ മരിച്ചയാളുടെ മൃതദേഹം തിരികെ കൊണ്ട് വന്നു പോസ്റ്റ്‌മോർട്ടം നടത്തിയ സംഭവത്തിൽ തൃശൂർ മെഡിക്കൽ കോളജിലെ ഡോക്ടർക്ക് സസ്‌പെൻഷൻ.ഡോ. പി.ജെ ജേക്കബിന് എതിരെയാണ് നടപടിയെടുത്തതത്.
അസ്ഥി രോഗ വിഭാഗം യൂണിറ്റ് മൂന്നിന്റെ തലവനാണ് ഡോ.പി.ജെ ജേക്കബ്.കഴിഞ്ഞ ദിവസമാണ് വടക്കാഞ്ചേരി സ്വദേശി യൂസഫിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയതിന് ശേഷം തിരികെ കൊണ്ടുവന്ന് പോസ്റ്റ്‌മോർട്ടം ചെയ്തത്. സംഭവത്തിൽ ആരോഗ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു.വിഷയത്തിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പ്രതാപ് സോമസുന്ദരത്തിന്റെ നേതൃത്വത്തിലുള്ള സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. അടിയന്തരമായി റിപ്പോർട്ട് നൽകാൻ ആരോഗ്യമന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസം ആവശ്യപെട്ടിരുന്നു.
പോസ്റ്റ്‌മോർട്ടം നടത്തിയതിൽ തൃശൂർ മെഡിക്കൽ കോളേജിന് ഗുരുതര വീഴ്ചയെന്നായിരുന്നു പൊലീസിന്‍റെ റിപ്പോർട്ട്. മരണ വിവരം ഡ്യൂട്ടി ഡോക്ടർ പൊലീസിനെ അറിയിച്ചില്ല. വീഴ്ച ചൂണ്ടിക്കാട്ടി വടക്കാഞ്ചേരി പൊലീസ് സിറ്റി പൊലീസ് കമ്മീഷണർക്ക് റിപ്പോർട്ട് നൽകി.
പോസ്റ്റ് മോർട്ടം നടത്താതെ വിട്ട് കൊടുത്ത യുസഫിന്റെ മൃതദേഹം വടക്കാഞ്ചേരിയിലെ വീട്ടിലെത്തിച്ച ശേഷമാണ് മെഡിക്കൽ കോളേജ് അധികൃതർ തിരികെ കൊണ്ട് പോയത്. തുടർന്ന് പോസ്റ്റ്മോർട്ടം നടത്താൻ തുടങ്ങിയ ശേഷമാണ് പൊലീസിനെ വിവരമറിയിച്ചത്. രേഖാമൂലമുള്ള വിവരം ഉച്ചയോടെ മാത്രമാണ് പൊലീസിന് ലഭിക്കുന്നത്.
Adjust Story Font
16