Quantcast

''ധീരജിന്റെ ചങ്കിനാണ് കുത്തിയത്; മരിച്ചത് ചങ്കുപിളർന്ന്''

''യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖിൽ പൈലിയുടെ നേതൃത്വത്തിൽ ആസൂത്രിതമായി കഠാരയുമായെത്തി കൊലപാതകം നടത്തുകയായിരുന്നു''- സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വർഗീസ്

MediaOne Logo

Web Desk

  • Updated:

    2022-01-10 13:30:45.0

Published:

10 Jan 2022 12:15 PM GMT

ധീരജിന്റെ ചങ്കിനാണ് കുത്തിയത്; മരിച്ചത് ചങ്കുപിളർന്ന്
X

ചങ്കിനേറ്റ കുത്തേറ്റാണ് ഇടുക്കി എൻജിനീയറിങ് കോളേജിൽ എസ്എഫ്‌ഐ വിദ്യാർത്ഥി ധീരജ് രാജേന്ദ്രൻ കൊല്ലപ്പെട്ടതെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വർഗീസ്. ചങ്ക് പിളർന്നാണ് മരിച്ചതെന്നാണ് ഡോക്ടർമാർ പ്രാഥമികമായി വിലയിരുത്തിയിട്ടുള്ളതെന്നും അദ്ദേഹം 'മീഡിയവണ്ണി'നോട് പറഞ്ഞു.

കോൺഗ്രസ് നേതൃത്വം ആസൂത്രിതമായി നടത്തിയ കൊലപാതകമാണിതെന്നും എംസി വർഗീസ് ആരോപിച്ചു. കോളേജ് യൂനിയൻ തെരഞ്ഞെടുപ്പ് സമാധാനപരമായാണ് നടന്നത്. ഒരു വിധത്തിലുള്ള സംഘർഷാവസ്ഥയുമുണ്ടായിരുന്നില്ല. അധ്യാപകരോട് സംസാരിച്ചപ്പോൾ പറഞ്ഞതും തെരഞ്ഞെടുപ്പ് കഴിഞ്ഞ് കുട്ടികളും അധ്യാപകരും പുറത്തിറങ്ങിയതാണെന്നാണ്. സംഘർഷസ്ഥിതിയുണ്ടായിരുന്നില്ല. യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖിൽ പൈലിയുടെ നേതൃത്വത്തിൽ ആസൂത്രിതമായി കഠാരയുമായെത്തി കൊലപാതകം നടത്തുകയായിരുന്നുവെന്നാണ് മനസ്സിലാകുന്നതെന്നും അദ്ദേഹം ആരോപിച്ചു.

''മൂന്നു കുട്ടികൾക്കും ചങ്കിനാണ് കുത്തേറ്റത്. ആളുകളെ കൊല്ലുക എന്ന ഉദ്ദേശ്യത്തോടുകൂടി തന്നെയാണ് ഇത് ചെയ്തത്. സംഘർഷത്തിന്റേതായ ഒരു അന്തരീക്ഷവും ഇവിടെയുണ്ടായിരുന്നില്ല. കൊലപാതകം നടത്തിയ നിഖിൽ പൈലി കേരളത്തിലെ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള എല്ലാവർക്കുമൊപ്പം എടുത്തിട്ടുള്ള ഫോട്ടോ പ്രചരിക്കുന്നുണ്ട്.''

ഇത്തരമൊരു കൊലപാതകം എന്തിന് നടത്തിയെന്ന് കോൺഗ്രസ് സമൂഹത്തിനോട് മറുപടി പറയണം. നാലാം വർഷ വിദ്യാർത്ഥിയാണ്. മിടുക്കനായി പഠിച്ച് പഠനം കഴിഞ്ഞ് കുടുംബത്തിന്റെ അത്താണിയാകേണ്ടയാളായിരുന്നു ധീരജ്. അങ്ങനെ വളർന്നുവരുന്ന കുട്ടികളെയൊക്കെ കൊല്ലുന്നതുകൊണ്ട് കോൺഗ്രസ് എന്താണ് ലക്ഷ്യമിടുന്നത്. കോൺഗ്രസ് കൊലപാതകത്തിന്റെ കത്തി താഴെവയ്ക്കണമെന്നും എംസി വർഗീസ് ആവശ്യപ്പെട്ടു.

TAGS :

Next Story