സഭയുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നില്ല; മുഖ്യമന്ത്രിയുടെ വാദം തള്ളി ലത്തീൻ കത്തോലിക്ക സഭ
സഭ ഉന്നയിച്ച നിരവധി പ്രശ്നങ്ങളോട് സർക്കാർ ക്രിയാത്മകമായി പ്രതികരിച്ചിട്ടില്ലെന്നും സഭാ വക്താവ് ജോസഫ് ജൂഡ് പ്രസ്താവനയിൽ കുറ്റപ്പെടുത്തി
തിരുവനന്തപുരം: നിയമസഭയിൽ മുഖ്യമന്ത്രിയുടെ അവകാശവാദത്തിനെതിരെ ലത്തീൻ കത്തോലിക്കാ സഭ. സഭയുമായി ഊഷ്മള ബന്ധമുണ്ടെന്ന മുഖ്യമന്ത്രിയുടെ വാദം സഭയുടെ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ പ്രകടമല്ല. സഭ ഉന്നയിച്ച നിരവധി പ്രശ്നങ്ങളോട് സർക്കാർ ക്രിയാത്മകമായി പ്രതികരിച്ചിട്ടില്ലെന്നും സഭാ വക്താവ് ജോസഫ് ജൂഡ് പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായുള്ള ചർച്ചയിലാണ് സമരം അവസാനിപ്പിക്കാനുള്ള തീരുമാനം സഭയുടെ ഭാഗത്ത് നിന്നുണ്ടായത്. പൂർണ തൃപ്തിയോട് കൂടിയല്ല സമരത്തിൽ നിന്ന് പിൻവാങ്ങുന്നതെന്ന് കഴിഞ്ഞ ദിവസം തന്നെ യൂജിൻ പെരേര പറഞ്ഞിരുന്നു.
അതേസമയം, വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവെക്കണമെന്നത് ഒഴികെയുള്ള സമരസമിതിയുടെ എല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. തുറമുഖ നിർമാണം തുടരും. തീരശോഷണം സംബന്ധിച്ച് വിദഗ്ധ സമിതി പഠനം നടത്തും. തൊഴിലുറപ്പ് പദ്ധതികളിൽ മൽസ്യ തൊഴിലാളികളെ കൂടി ഉൾപ്പെടുത്തുമെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി സമരം അവസാനിപ്പിക്കാൻ ക്ളീമിസ് കത്തോലിക്കാ ബാവ നടത്തിയ ഇടപെടലിനെ പ്രശംസിച്ചു.
ഇതിനിടെ വിഴിഞ്ഞത്തെ സമരപ്പന്തൽ പൊളിച്ചുനീക്കാനുള്ള നടപടികൾ തുടങ്ങി. ഇന്നലെ രാത്രി തന്നെ സമരപ്പന്തലിലെ കസേരകൾ അടക്കമുള്ള സാധനങ്ങൾ എടുത്തുമാറ്റാൻ തുടങ്ങിയിരുന്നു. ഉച്ചയോട് കൂടി സമരപ്പന്തൽ പൊളിക്കുമെന്നാണ് സമരസമിതി ഭാരവാഹികൾ പറയുന്നത്. പന്തലിന് സമീപമുള്ള ഊട്ടുപുരയിലെ സാധനങ്ങളും എടുത്തുമാറ്റാൻ തുടങ്ങിയിരുന്നു.
സർക്കാരും സമരസമിതിയും നടത്തിയ ചർച്ച വിജയിച്ചതിന് പിന്നാലെ സമരം താൽക്കാലികമായി അവസാനിപ്പിക്കാൻ സമര സമിതി തീരുമാനിച്ചതായി ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ. യൂജിൻ പെരേര അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുമായും മന്ത്രിതല സമിതിയുമായും ചീഫ് സെക്രട്ടറിയുടെ ഓഫീസിലായിരുന്നു ചർച്ച.
വീട് വാടക തുക 8,000 ആക്കണമെന്ന സമരക്കാരുടെ ആവശ്യം അംഗീകരിച്ചു. സർക്കാർ ഉറപ്പുകൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ മോണിറ്ററിങ് സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് മോണിറ്ററിങ് കമ്മിറ്റി. എന്നാൽ ഇത് കൂടാതെ സമരസമിതിയും പഠനം നടത്തുമെന്ന് യൂജിൻ പെരേര പറഞ്ഞു. പൂർണ സംതൃപ്തിയോടെ അല്ല സമരം പിൻവലിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു
വാടക 2500 കൂടി കൂട്ടിത്തരാമെന്ന് സർക്കാർ പറഞ്ഞു. എന്നാലത് സിഎസ്ആർ ഫണ്ട് വഴിയാണെന്ന് അറിഞ്ഞതിനാൽ അത് വേണ്ടന്നാണ് തങ്ങളുടെ നിലപാടെന്ന് ഫാ. യൂജിൻ പെരേര വ്യക്തമാക്കി. സമരം ചെയ്തത് വെറും തുകകൾ കണ്ടല്ല. ന്യായങ്ങൾ സ്ഥാപിച്ചെടുക്കാനാണ്. അതിനാൽ 5500 തന്നെ മതിയെന്ന് ഞങ്ങൾ പറഞ്ഞു. ബാക്കി സാധ്യതകൾ എന്താണെന്ന് പരിശോധിക്കും.
മോണിറ്ററിങ് സമിതിയെ ഇതിനകം തന്നെ സർക്കാർ പ്രഖ്യാപിച്ചുകഴിഞ്ഞു. എന്നാൽ ഈ സമിതിയിൽ തങ്ങളുടെ പ്രതിനിധിയെ ഉൾപ്പെടുത്താമെന്ന് മുമ്പ് മന്ത്രിസഭായോഗത്തിൽ സർക്കാർ ഉറപ്പുനൽകിയതാണ്. ചർച്ചകൾ പുരോഗമിക്കുന്ന സന്ദർഭത്തിൽ പ്രതിനിധിയെ ഉൾപ്പെടുത്താമെന്നാണ് പറഞ്ഞിട്ടുള്ളത്. നിലവിൽ ആ ആവശ്യം അംഗീകരിക്കപ്പെട്ടിട്ടില്ല.
Adjust Story Font
16