Quantcast

മജിസ്ട്രേട്ടിനെ വരെ പട്ടി കടിച്ചില്ലേ, പട്ടി കടിക്കുന്നത് സാധാരണ സംഭവം: ഇ.പി ജയരാജൻ

വി. മുരളീധരന് വിവരമില്ലെന്ന് ആർക്കാണ് അറിയാത്തതെന്നും മഹാബലിക്ക് ഒപ്പം ജനിച്ച ആളാണല്ലോയെന്നും എൽഡിഎഫ് കൺവീനർ

MediaOne Logo

Web Desk

  • Updated:

    2022-09-17 10:26:02.0

Published:

17 Sep 2022 7:52 AM GMT

മജിസ്ട്രേട്ടിനെ വരെ പട്ടി കടിച്ചില്ലേ, പട്ടി കടിക്കുന്നത് സാധാരണ സംഭവം: ഇ.പി ജയരാജൻ
X

പട്ടി കടിക്കുന്നത് സാധാരണ സംഭവമാണെന്നും ഇവിടെ മജിസ്ട്രേട്ടിനെ വരെ പട്ടി കടിച്ചില്ലേയെന്നും എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. അതിനെ വലിയ വാർത്തയാക്കാൻ ശ്രമിക്കരുതെന്നും ജനങ്ങൾക്കിടയിൽ ഭയമുണ്ടാക്കാൻ ശ്രമിക്കരുതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നാട്ടിൽ നിയമങ്ങൾ പാലിക്കണമെന്നും കടിക്കുന്ന പട്ടിയെ തല്ലി കൊല്ലരുതെന്നാണ് കോടതി പോലും പറഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂട്ടായി കാര്യങ്ങൾ ചർച്ച ചെയ്ത് നമുക്ക് തീരുമാനമെടുക്കാമെന്നും ജയരാജൻ വ്യക്തമാക്കി.

ഗവർണർ- സർക്കാർ തർക്കത്തിലും അദ്ദേഹം പ്രതികരിച്ചു. ഗവർണർ സ്വയം ചെറുതാകുകയാണെന്നും ബില്ലുകളിൽ ഒപ്പിടില്ലെന്നു പറയാൻ കഴിയില്ലെന്നുമായിരുന്നു പ്രതികരണം. സിപിഎമ്മുകാർ കർട്ടന് പിന്നിൽ നിന്ന് കളിക്കുന്നവരല്ലെന്നും ഉള്ള കാര്യം മുഖത്ത് നോക്കി പറയുന്ന ആളാണ് മുഖ്യമന്ത്രിയെന്നും ഇ.പി പറഞ്ഞു. മുഖ്യമന്ത്രി മറഞ്ഞുനിന്നു പോരാടുന്നുവെന്നും ഇപ്പോൾ പരസ്യമായി പ്രതികരിച്ചത് സ്വാഗതം ചെയ്യുന്നുവെന്നും ഗവർണർ പറഞ്ഞിരുന്നു. ഇതിനോട് ജയരാജൻ പ്രതികരിച്ചത്.

മാസങ്ങൾക്ക് മുൻപ് നടന്ന സംഭവത്തിൽ ആരുടെയോ താല്പര്യം സംരക്ഷിക്കാൻ ആണ് ഗവർണർ ശ്രമിക്കുന്നതെന്നും ആ പദവിയിൽ ഇരുന്ന് എന്തൊക്കെയോ വിളിച്ചു പറയുന്നുവെന്നും എൽഡിഎഫ് കൺവീനർ കുറ്റപ്പെടുത്തി. ഗവർണർ പദവി പോലും ആവിശ്യമില്ലെന്നും എടുത്തു കളയണമെന്നും അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രി-ഗവർണർ തർക്കത്തിൽ ഇടപെട്ട വി. മുരളീധരന് വിവരമില്ലെന്ന് ആർക്കാണ് അറിയാത്തതെന്നും മഹാബലിക്ക് ഒപ്പം ജനിച്ച ആളാണല്ലോയെന്നും അദ്ദേഹം പരിഹസിച്ചു.

കേരളം നന്നാവരുതെന്ന് കരുതുന്നവരാണ് വിദേശ യാത്രയെ എതിർക്കുന്നതെന്ന് മന്ത്രിമാരുടെ യാത്രയെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി. നിയമസഭയിൽ നടന്ന സംഘർഷത്തിന് താൻ ദൃക്സാക്ഷിയായിരുന്നുവെന്നും വി. ശിവൻ കുട്ടി പ്രത്യേകം ഒന്നും പറയണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശിവൻകുട്ടിയെ യു.ഡി.എഫുകാർ തല്ലി ബോധംകെടുത്തിയെന്ന് ഇ.പി ജയരാജൻ പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യം അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നായിരുന്നു ശിവൻകുട്ടിയുടെ മറുപടി.

Dog bites are a common occurrence: EP Jayarajan

TAGS :

Next Story