Quantcast

ഡോളോ ഗുളികകള്‍ ജ്യൂസിൽ കലർത്തിയും ഷാരോണിനെ കൊല്ലാൻ നോക്കി; ഗ്രീഷ്മയുടെ മൊഴി

ഗ്രീഷ്മ പഠിക്കുന്ന കോളജിന്റെ ശുചി മുറിയിൽ വെച്ചായിരുന്നു കൊലപാതകശ്രമം

MediaOne Logo

Web Desk

  • Updated:

    2022-11-09 06:55:15.0

Published:

9 Nov 2022 5:49 AM GMT

ഡോളോ ഗുളികകള്‍ ജ്യൂസിൽ കലർത്തിയും ഷാരോണിനെ കൊല്ലാൻ നോക്കി; ഗ്രീഷ്മയുടെ മൊഴി
X

തിരുവനന്തപുരം: ഷാരോണിന് ജ്യൂസിൽ ഗുളിക കലർത്തിയും കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് പ്രതി ഗ്രീഷ്മയുടെ മൊഴി. ഗ്രീഷ്മ പഠിച്ച നെയ്യൂരിലെ കോളജിലെ ശുചി മുറിയിൽ വെച്ചാണ് ജ്യൂസിൽ ഗുളിക ഉയർന്ന അളവിൽ കലർത്തിയത്. എന്നാൽ ഷാരോണ്‍ ജ്യൂസ് തുപ്പിക്കളഞ്ഞതിനാല്‍ ഈ ശ്രമം വിജയിച്ചില്ലെന്നും ഗ്രീഷ്മ അന്വേഷണ സംഘത്തിന് മൊഴി നൽകി.

ഷാരോണും ഗ്രീഷ്മയും ഒരു കോളേജിലല്ല പഠിച്ചത്. കോളേജിലേക്ക് പോകുന്ന വഴി ബസിൽ വെച്ചാണ് ഇവർ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നത്. ഷാരോണിന്റെ കോളേജിലും എത്തിയിരുന്നെന്ന് അന്വേഷണസംഘത്തോട് ഗ്രീഷ്മ മൊഴി നൽകിയിട്ടുണ്ട്. ഗ്രീഷ്മയെ തമിഴ്‌നാട് നെല്ലൂരിലെത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തി. ജ്യൂസ് വാങ്ങിയ കടയിലെത്തിച്ചും തെളിവെടുപ്പ് നടത്തി.

അതേസമയം, പാറശാല ഷാരോൺ കൊലക്കേസിലെ പ്രതി ഗ്രീഷ്മയുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. നാളെ പത്ത് മണിക്ക് ഗ്രീഷ്മയെ നെയ്യാറ്റിൻകര മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. അതിന് മുന്നോടിയായിട്ടുള്ള തെളിവെടുപ്പാണ് അന്വേഷണ സംഘം നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ രാമവർമ്മൻചിറയിലെ വീട്ടിലും താലികെട്ടിയ വെട്ടുകാട് പള്ളിയിലും പരിസരത്തും വേളി ടൂറിസ്റ്റ് വില്ലേജിലും തെളിവെടുപ്പ് നടത്തിയിരുന്നു. കന്യാകുമാരി ജില്ലയിലെ തൃപ്പരപ്പില്‍ ഗ്രീഷ്മയും ഷാരോണും മൂന്നു ദിവസം ഒരുമിച്ചു കഴിഞ്ഞു എന്ന് പറയുന്ന റിസോർട്ടിലും അന്വേഷണ സംഘം തെളിവെടുപ്പ് നടത്തുന്നുണ്ട്.

തെളിവെടുപ്പിന്റെ ഭാഗമായി ഗ്രീഷ്മയുടെ ശബ്ദ സാമ്പിൾ ആകാശവാണിയിൽ പരിശോധിച്ച് ഉറപ്പാക്കാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. ഷാരോൺ വധക്കേസിന്റെ അന്വേഷണം തമിഴ്‌നാട് പൊലീസിനെ ഏൽപ്പിക്കുന്നതാണ് ഉചിതമെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം. ഷാരോൺ മരിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളജിലാണെങ്കിലും കുറ്റകൃത്യവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഏറെ നടന്നത് തമിഴ്‌നാട്ടിലാണ്. കേരളാ പൊലീസ് അന്വേഷിച്ചാൽ കുറ്റപത്രം നൽകിക്കഴിയുമ്പോൾ പ്രതിഭാഗം കോടതിയിൽ സാങ്കേതിക പ്രശ്‌നങ്ങൾ ഉന്നയിക്കാൻ സാധ്യതയുണ്ടെന്നും ഡി.ജി.പി സർക്കാറിനെ അറിയിച്ചു.

കേരള പൊലീസ് കേസ് അന്വേഷിക്കുന്നതിൽ നിയമപരമായി തടസ്സമില്ലെങ്കിലും തമിഴ്‌നാട് പൊലീസിന് കൈമാറുന്നതാണ് കൂടുതൽ ഉചിതമെന്ന് ഡി.ജി.പിയുടെ നിയമോപദേശത്തിൽ പറയുന്നു. ഇത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി നിയമോപദേശം തേടിയിരുന്നു. ഇതേ അഭിപ്രായം തന്നെയായിരുന്നു ജില്ലാ ഗവ. പ്ലീഡറും പൊലീസിന് കൈമാറിയത്.


TAGS :

Next Story