തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സഹതാപ തരംഗം ഉണ്ടാകില്ലെന്ന് ഡൊമിനിക് പ്രസന്‍റേഷന്‍
സാമൂഹിക സാഹചര്യം പരിഗണിച്ചായിരിക്കണം സ്ഥാനാർഥി നിർണയമെന്നും ഡൊമനിക് പറഞ്ഞു
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സഹതാപ തരംഗം ഉണ്ടാകില്ലെന്ന് കോൺഗ്രസ് നേതാവ് ഡൊമിനിക് പ്രസന്‍റേഷന്‍. നൂലിൽ കെട്ടി ഇറക്കിയ സ്ഥാനാർഥി വിജയിക്കില്ല. സാമൂഹിക സാഹചര്യം പരിഗണിച്ചായിരിക്കണം സ്ഥാനാർഥി നിർണയമെന്നും ഡൊമനിക് പറഞ്ഞു.
തൃക്കാക്കരയെ സംബന്ധിച്ചിടത്തോളം സഹതാപ തരംഗം എന്നൊന്നില്ല. ഇവിടുത്തെ ജനകീയനായ എം.എല്‍.എ ആയിരുന്നു ബെന്നി. റെക്കോഡ് ഭൂരിപക്ഷത്തിനാണ് അദ്ദേഹം ജയിച്ചത്. എന്നാല്‍ തൊട്ടടുത്ത തവണ ചില കാരണങ്ങളാല്‍ അദ്ദേഹത്തിന് മാറിനില്‍ക്കേണ്ടി വന്നപ്പോഴും പി.ടി തോമസ് ജയിച്ചു. സാമുദായിക സമവാക്യങ്ങള്‍ പരിഗണിച്ചാണ് സ്ഥാനാര്‍ഥിയെ നിശ്ചയിക്കേണ്ടത്. ജയിക്കാന്‍ സാധ്യതയുള്ള സ്ഥാനാര്‍ഥി വരണം. സാമൂഹിക സാഹചര്യം പരിഗണിച്ചില്ലെങ്കില്‍ വിപരീത ഫലം ഉണ്ടാകും.പതിനായിരം വോട്ടിന്‍റെ ഭൂരിപക്ഷം തൃക്കാക്കരയില്‍ യു.ഡി.എഫിനുണ്ട്. അത് മനസിലാക്കി കൃത്യമായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ മാത്രം ജയിക്കാം. ഉമ തോമസ് സ്ഥാനാര്‍ഥിയാകുമോ എന്നതില്‍ പ്രതികരിക്കാനില്ലെന്നും ഡൊമിനിക് മീഡിയവണിനോടു പറഞ്ഞു.
എന്നാല്‍ തൃക്കാക്കരയില്‍ യു.ഡി.എഫ് ഉജ്ജ്വല വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. പി.ടി തോമസ് നേടിയ ഭൂരിപക്ഷം മറികടക്കും. കെ റെയിൽ മുഖ്യ പ്രചാരണ വിഷയമാകും. സർക്കാരിന്‍റെ ഒരു വർഷത്തെ പ്രവർത്തനങ്ങളുടെ വിചാരണയാകും തൃക്കാക്കരയിൽ നടക്കുക. സ്ഥാനാർഥി നിർണയത്തിൽ തർക്കങ്ങളില്ല. പ്രാഥമിക ചർച്ചകൾ പൂർത്തിയായി, തീരുമാനം ഉടനുണ്ടാകും. 20-20 പോലുള്ള അരാഷ്ട്രീയ സംഘടനകൾക്ക് തെരഞ്ഞെടുപ്പിൽ പ്രസക്തിയില്ലെന്നും സതീശന്‍ പറഞ്ഞു.
Adjust Story Font
16