Quantcast

'പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ത്തു'; ഡൊമിനിക് പ്രസന്റേഷനെതിരെ നടപടി ആവശ്യപ്പെട്ട് കെ.പി.സി.സി ജനറൽ സെക്രട്ടറി

''ഏഴു തവണ മത്സരിക്കുകയും ഒരു തവണ മന്ത്രിയാകുകയും ചെയ്തയാളാണ് ഡൊമിനിക് പ്രസന്റേഷൻ. അദ്ദേഹത്തിനു മത്സരിക്കാൻ താൽപര്യമുണ്ടായിരുന്നു. സ്ഥാനാർത്ഥിത്വം കിട്ടാത്തതിലുള്ള അസ്വസ്ഥതയായിരിക്കാം അദ്ദേഹം പ്രകടിപ്പിച്ചത്.''

MediaOne Logo

Web Desk

  • Updated:

    2022-06-04 12:20:47.0

Published:

4 Jun 2022 11:46 AM GMT

പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ത്തു; ഡൊമിനിക് പ്രസന്റേഷനെതിരെ നടപടി ആവശ്യപ്പെട്ട് കെ.പി.സി.സി ജനറൽ സെക്രട്ടറി
X

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ യു.ഡി.എഫ് എറണാകുളം ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷനെതിരെ പടയൊരുക്കം. ഡൊമിനിക് പ്രസന്റേഷൻ രാജിവയ്ക്കണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അബ്ദുൽ മുത്തലിബ് ആവശ്യപ്പെട്ടു. രാജിവച്ചില്ലെങ്കിൽ അദ്ദേഹത്തെ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന് കത്തയച്ചിട്ടുണ്ടെന്നും അബ്ദുൽ മുത്തലിബ് മാധ്യമങ്ങളോട് പറഞ്ഞു.

ഐക്യ ജനാധിപത്യ മുന്നണിയുടെ കെട്ടുറപ്പിനു വിരുദ്ധമായാണ് ഡൊമിനിക് പ്രസന്റേഷൻ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ പ്രവർത്തിച്ചതെന്ന് ആരോപിച്ചാണ് അബ്ദുൽ മുത്തലിബ് രംഗത്തെത്തിയിരിക്കുന്നത്. പ്രവർത്തകരുടെ മനോവീര്യം തകർക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവനകളും ഇടപെടലുകളും. ഇത് ചൂണ്ടിക്കാട്ടി നിരവധി പ്രവർത്തകർ നേതാക്കൾക്ക് പരാതി നൽകിയതാണെന്നും മുത്തലിബ് വെളിപ്പെടുത്തി.

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ തന്നെ വേറിട്ട അഭിപ്രായപ്രകടനങ്ങളുമായി രംഗത്തെത്തിയിരുന്നു ഡൊമിനിക് പ്രസന്റേഷൻ. പി.ടി തോമസിന്റെ മരണ ശേഷം കോൺഗ്രസ് പ്രവർത്തകരെല്ലാം വേദനയിൽ നിൽക്കുമ്പോഴും തൃക്കാക്കരയിലെ സ്ഥാനാർത്ഥിയെക്കുറിച്ചും തെരഞ്ഞെടുപ്പിനെക്കുറിച്ചുമെല്ലാം വേറിട്ടുനിന്ന് സംസാരിക്കാൻ തുടങ്ങി. വോട്ടെണ്ണുന്നതിന്റെ തലേദിവസം വരെ 5,000ത്തിനും 7,000ത്തിനുമിടയിലുള്ള ഭൂരിപക്ഷത്തിനേ ജയിക്കൂവെന്ന് പറഞ്ഞു. അതിനു മുൻപ് അദ്ദേഹം പല ചാനലുകളിലും പി.ടി തോമസിന്റെ നിലപാടിനെക്കുറിച്ച് വിശദീകരിക്കുകയും ഉമ തോമസ് സ്ഥാനാർത്ഥിയാകില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഉമ തോമസിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം വന്നു നിമിഷങ്ങൾക്കകം തൃക്കാക്കരയിൽ സഹതാപ തരംഗമുണ്ടാകില്ലെന്നാണ് അദ്ദേഹം പറഞ്ഞത്-മുത്തലിബ് ആരോപിച്ചു.

''ഡൊമിനിക് പ്രസന്റേഷൻ ഉടൻ തന്നെ രാജിവയ്ക്കണം. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ എറണാകുളം ജില്ലയിലെ യു.ഡി.എഫിന്റെ ഒരു യോഗവും നടക്കാൻ പാടില്ല. വോട്ടെണ്ണുന്നതിന്റെ തലേദിവസം വരെ പറഞ്ഞ കാര്യങ്ങൾ ഇനിയും അദ്ദേഹത്തിന്റെ മനസിലുണ്ട്. അത് ഇനിയും പ്രവർത്തകർക്ക് അംഗീകരിക്കാൻ കഴിയില്ല. ജില്ലയിലെ ഒരുപാട് പ്രവർത്തകർ ഇക്കാര്യമെല്ലാം ചൂണ്ടിക്കാട്ടി നേതാക്കളോട് പരാതി പറഞ്ഞതാണ്. ഇത്തരത്തിലുള്ള നേതാക്കന്മാരെ ഇനിയും വച്ചുപൊറുപ്പിക്കരുത്.''

ഡൊമിനിക് പ്രസന്റേഷന് മത്സരിക്കാൻ താൽപര്യമുണ്ടായിരുന്നുവെന്നും അബ്ദുൽ മുത്തലിബ് ആരോപിച്ചു. ഒരു തവണകൂടി മത്സരിക്കാൻ താൽപര്യമുണ്ടെന്ന് ഞങ്ങളോട് പറഞ്ഞിരുന്നു. സ്ഥാനാർത്ഥിത്വം കിട്ടാത്തതിലുള്ള അസ്വസ്ഥതയായിരിക്കാം അദ്ദേഹം പ്രകടിപ്പിച്ചത്. ഏഴു തവണ മത്സരിക്കുകയും ഒരു തവണ മന്ത്രിയാകുകയും ഒരു ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തയാളാണ് ഡൊമിനിക് പ്രസന്റേഷനെന്നും അബ്ദുൽ മുത്തലിബ് ചൂണ്ടിക്കാട്ടി.

Summary: KPCC General Secretary Abdul Muthalib demands action against Dominic Presentation in Thrikkakara bypoll

TAGS :

Next Story