Quantcast

'സാറും മാഡവും വിളി വേണ്ട'; കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തുകളോട് കെ.പി.സി.സി

ഡിസിസി പ്രസിഡന്റുമാർക്ക് നിർദേശം നൽകിയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ

MediaOne Logo

Web Desk

  • Published:

    4 Sep 2021 4:37 PM GMT

സാറും മാഡവും വിളി വേണ്ട; കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തുകളോട് കെ.പി.സി.സി
X

കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തുകളിൽ സാറും മാഡവും വിളി വേണ്ടെന്ന് കെപിസിസി. ഡിസിസി പ്രസിഡന്റുമാർക്ക് നിർദേശം നൽകിയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. പൂർണ അർത്ഥത്തിൽ അധികാരവികേന്ദ്രീകരണം സാധ്യമാക്കുക എന്നതാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്നും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

സർക്കാർ സ്ഥാപനങ്ങളിൽ സർ - മാഡം തുടങ്ങിയ അഭിസംബോധനകൾ നിരോധിച്ച രാജ്യത്തെ ആദ്യ ഗ്രാമപഞ്ചായത്ത് ആകുകയാണ് പാലക്കാട് ജില്ലയിലെ മാത്തൂർ ഗ്രാമപഞ്ചായത്ത്. വിവിധ ആവശ്യങ്ങൾക്കായി പഞ്ചായത്ത് ഓഫീസിൽ എത്തുന്ന സാധാരണക്കാർ, അവിടുത്തെ ജീവനക്കാരെ ഇനിമുതൽ പേരോ, മുതിർന്നവരെ ചേട്ടാ, ചേച്ചി എന്നോ വിളിക്കണം.

സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും ജനപ്രതിനിധികളും ആത്യന്തികമായി ജനസേവകരാണ്. ആ തത്വം ഉയർത്തിപ്പിടിച്ചു കൊണ്ടുള്ള ഈ തീരുമാനം കേരളത്തിൽ ഒന്നാകെ നടപ്പിലാക്കാൻ കെ.പി.സി.സി തീരുമാനിച്ചിരിക്കുന്നു.

ബ്രിട്ടീഷ് കോളനി വാഴ്ചയുടെ ശേഷിപ്പുകൾ ആയ ഇത്തരം അഭിസംബോധന രീതികൾ ജനാധിപത്യ വിരുദ്ധമാണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് യു.ഡി.എഫ് ഭരിക്കുന്ന മാത്തൂർ ഗ്രാമപഞ്ചായത്ത് വിപ്ലവകരമായ ഈ തിരുമാനം നടപ്പിലാക്കിയത്. ഇതിന് നേതൃത്വം കൊടുത്ത പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീമതി. പ്രവിത മുരളീധരൻ, വൈസ് പ്രസിഡന്റ് പി.ആർ പ്രസാദ്, ഭരണസമിതി അംഗങ്ങൾ, പഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർക്കും ഇതിനായി നിരന്തരം ക്യാമ്പയിൻ നടത്തുന്ന പ്രിയ കോൺഗ്രസ്സ് പ്രവർത്തകൻ ബോബൻ മാട്ടുമന്തക്കും ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ.

സാധാരണക്കാർ അവരുടെ ആവശ്യങ്ങൾക്കായി നൽകുന്ന പരാതികളിലും, കത്തുകളിലും 'അപേക്ഷിക്കുന്നു,' 'അഭ്യർത്ഥിക്കുന്നു' തുടങ്ങിയ പ്രയോഗങ്ങൾക്ക് പകരം 'അവകാശമുന്നയിക്കുന്നു', 'താൽപര്യപ്പെടുന്നു', തുടങ്ങിയ പ്രയോഗങ്ങൾ നടപ്പിൽ വരുത്താനും പഞ്ചായത്തുകൾ നടപടികൾ സ്വീകരിക്കും.

ജനാധിപത്യവും പൗരാവകാശവും കേന്ദ്ര സംസ്ഥാന സർക്കാരുകൾ പാടെ വിസ്മരിക്കുന്ന ഇക്കാലത്ത്, പോലീസ് അനുദിനം സാധാരണ പൗരന്റെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന കാലത്ത്, രാജ്യത്തിനാകെ മാതൃകയാണ് മാത്തൂർ പഞ്ചായത്തിന്റെ പുതിയ ചുവട് വെപ്പ്. കാലോചിതമായ ഇടപെടലുകളിലൂടെ സൂക്ഷ്മതലം തൊട്ട് മുകളിലേക്ക് ജനാധിപത്യത്തെ വീണ്ടെടുക്കാനുള്ള കെ.പി.സി.സിയുടെ ശ്രമങ്ങൾക്ക് മാത്തൂർ പഞ്ചായത്തിലൂടെ തുടക്കമാകുകയാണ്.

ആദ്യഘട്ടത്തിൽ ഭരണസമിതിക്ക് കോൺഗ്രസ് നേതൃത്വം നൽകുന്ന എല്ലാ പഞ്ചായത്തുകളിൽ ഈ മാറ്റങ്ങൾ നടപ്പിൽ വരുത്തും. ശേഷം സംസ്ഥാനത്ത് ആകെമാനം ഈ മാറ്റങ്ങൾ കൊണ്ടു വരാൻ സമ്മർദ്ദം ചെലുത്തും. അതിന് നേതൃത്വം നൽകാൻ ഡി.സി.സി പ്രസിഡന്റുമാർക്ക് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

പൂർണ്ണ അർത്ഥത്തിൽ അധികാരവികേന്ദ്രീകരണം സാധ്യമാക്കുക എന്നതാണ് കോൺഗ്രസ്സിന്റെ ലക്ഷ്യം. ഏകാധിപത്യസ്വഭാവമുള്ള സർക്കാറുകളിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ ഗാന്ധിജി സ്വപ്നം കണ്ട ഗ്രാമസ്വരാജ്, 73-ആമത് ഭരണഘടനാഭേദഗതിയിലൂടെ കൊണ്ട് വന്നത് കോൺഗ്രസ്സാണ്. ആധുനികജനാധിപത്യ സങ്കല്പങ്ങൾക്കനുസരിച്ച് ഗ്രാമസ്വരാജിനെ വീണ്ടും പുനർവിഭാവനം ചെയ്യാൻ കോൺഗ്രസ്സ് ശ്രമിക്കുകയാണ്. അതിനായി നിയമനിർമ്മാണം അടക്കമുള്ള കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്.

ജനാധിപത്യത്തെ വീണ്ടെടുക്കുവാനും സംരക്ഷിക്കുവാനുമുള്ള മാറ്റങ്ങൾ കൊണ്ട് വരാൻ മുന്നിൽ തന്നെ കോൺഗ്രസ്സുണ്ടാവും. കൂടെ നിങ്ങളുണ്ടാവണം.

TAGS :

Next Story