അധികാരത്തിന്റെ ഹുങ്ക് കാട്ടി ജനകീയ സമരങ്ങളെ അടിച്ചമർത്താമെന്ന് കരുതേണ്ട: വി.ഡി സതീശൻ
പി.കെ ഫിറോസിനെ അറസ്റ്റ് ചെയ്തത് സർക്കാരിന്റെ പ്രതികാര നടപടിയാണെന്നും വി.ഡി സതീശൻ പറഞ്ഞു
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തിന്റെ പേരിൽ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസിനെ അറസ്റ്റ് ചെയ്തത് സർക്കാരിന്റെ പ്രതികാര നടപടിയാണെന്ന് വി.ഡി സതീശൻ . അധികാരത്തിന്റെ ഹുങ്ക് കാട്ടി ജനകീയ സമരങ്ങളെ അടിച്ചമർത്താമെന്നും നേതാക്കളെ ജയിലിലടക്കാമെന്നും കരുതേണ്ടെന്നും വി.ഡി സതീശൻ പറഞ്ഞു.
കേരളത്തിൽ ഏറ്റവും അധികം അക്രമ സമരങ്ങളും അനാവശ്യ സമരങ്ങളും നടത്തിയിട്ടുള്ളത് സി.പി.എമ്മും പോഷക സംഘടനകളുമാണെന്നും അങ്ങനെയുള്ളവർക്ക് ഇപ്പോൾ സമരമെന്ന് കേൾക്കുമ്പോൾ എന്തിനാണ് ഇത്ര അസഹിഷ്ണുതയെന്നും വി.ഡി സതീശൻ ചോദിച്ചു. തെറ്റായ നയങ്ങൾക്കെതിരെ ഇനിയും പ്രതിഷേധിക്കുമെന്ന് പറഞ്ഞ സതീശൻ ജനകീയ സമരങ്ങളുടെ മുൻ നിരയിൽ കേരളത്തിലെ പ്രതിപക്ഷം ഉണ്ടാകുമെന്നും കൂട്ടിച്ചേർത്തു.
രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണ് തന്‍റെ അറസ്റ്റ് എന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പ്രതികരിച്ചു. സമരത്തിൽ നിന്ന് പിന്മാറില്ലെന്നും ശക്തമായി മുന്നോട്ട് പോവുമെന്നും ഫിറോസ് പറഞ്ഞു. അറസ്റ്റിന് ശേഷം വൈദ്യപരിശോധനക്കായി ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് ഫിറോസിന്‍റെ പ്രതികരണം.
പി.കെ ഫിറോസിനെ അറസ്റ്റ് ചെയ്ത നടപടി ഭരണകൂട ഭീകരതയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. യു ഡി എഫ് നിയമനടപടി സ്വീകരിക്കുമെന്നും ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പി കെ ഫിറോസിന്റെ അറസ്റ്റിൽ പതറില്ലെന്ന് മുസ്‍ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജാമ്യം കിട്ടാതിരിക്കാൻ സർക്കാർ ശ്രമിക്കുകയാണ്. ജനകീയ സമരത്തെ സർക്കാർ കൈകാര്യം ചെയ്ത രീതി ശരിയല്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ടാണ് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിനെ അറസ്റ്റ് ചെയ്തത്. 14 ദിവസത്തേക്ക് ഫിറോസിനെ റിമാൻഡ് ചെയ്തു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതിയുടേതാണ് നടപടി. തിരുവനന്തപുരം പാളയത്ത് വെച്ച് കന്റോൺമെന്റ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. പൊലീസിനെ ആക്രമിക്കൽ, പൊതുമുതൽ നശിപ്പിക്കൽ സ്വകാര്യ സ്വത്ത് നശിപ്പിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.
യൂത്ത് ലീഗ് സംഘടിപ്പിച്ച മാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായിരുന്നു. മാർച്ച് അക്രമാസക്തമായതോടെ ഗ്രനേഡും കണ്ണീർ വാതകവും അടക്കം ഉപയോഗിച്ചാണ് പൊലീസ് പ്രവർത്തകരെ പിരിച്ചുവിട്ടത്. നിലവിൽ 28 യൂത്ത് ലീഗ് പ്രവർത്തകർ ഈ കേസിൽ റിമാൻഡിലാണ്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിന്റെ അറസ്റ്റ് സർക്കാരിന്റെ പ്രതികാര നടപടിയാണ്. യൂത്ത് ലീഗ് കഴിഞ്ഞ ദിവസം നടത്തിയ സെക്രട്ടേറിയേറ്റ് മാർച്ചിന്റെ പേരിലാണ് അറസ്റ്റ്. അധികാരത്തിന്റെ ഹുങ്ക് കാട്ടി ജനകീയ സമരങ്ങളെ അടിച്ചമർത്താമെന്നും നേതാക്കളെ ജയിലിലടക്കാമെന്നും കരുതേണ്ട.
കേരളത്തിൽ ഏറ്റവും അധികം അക്രമ സമരങ്ങളും അനാവശ്യ സമരങ്ങളും നടത്തിയിട്ടുള്ളത് സി.പി.എമ്മും പോഷക സംഘടനകളുമാണ്. അങ്ങനെയുള്ളവർക്ക് ഇപ്പോൾ സമരമെന്ന് കേൾക്കുമ്പോൾ എന്തിനാണ് ഇത്രഅസഹിഷ്ണുത? ജനാധിപത്യത്തെയാണ് സർക്കാർ കയ്യാമം വയ്ക്കുന്നത്.
തെറ്റായ നയങ്ങൾക്കെതിരെ ഇനിയും പ്രതിഷേധിക്കും. ജനകീയ സമരങ്ങളുടെ മുൻ നിരയിൽ കേരളത്തിലെ പ്രതിപക്ഷം ഉണ്ടാകും.
അറസ്റ്റിലൂടെ ഭയപ്പെടുത്താൻ നോക്കണ്ട.
#CPMTerror
Adjust Story Font
16