ദൃശ്യങ്ങള്‍ ജോയിയുടേതല്ല: തിരച്ചിൽ പുരോഗമിക്കുന്നു
ദൃശ്യം കണ്ട ഭാഗത്ത് സ്കൂബ ടീം നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ തിരച്ചിലിനിടെ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങള്‍ ജോയിയുടേതല്ല. ടണലിനുള്ളിൽ കടത്തിവിട്ട ക്യാമറയിലാണ് ശരീര ഭാഗം കണ്ടത്. റോബോട്ടിക് സംവിധാനത്തിൻ്റെ ക്യമറയിൽ ദൃശ്യം പതിഞ്ഞതയാണ് സൂചന. ഒന്നാം പ്ലാറ്റ് ഫോമിന് പിന്നിലെ ടണലിലാണ് ക്യാമറ ഉപയോഗിച്ച് പരിശോധന നടക്കുന്നത്. ദൃശ്യം കണ്ട ഭാഗത്തിൽ സ്കൂബ ടീം നടത്തിയ പരിശോധനയിലാണ് ദൃശ്യങ്ങള്‍ ജോയിയുടേതല്ലെന്ന് സ്ഥിരീകരിച്ചത്. തുരങ്കത്തിന്റെ ആദ്യ 10 മീറ്ററിന് ഉള്ളിലെ ദൃശ്യമാണ് കണ്ടത്. ഇന്നലെ എൻഡിആർഎഫ് സംഘം ഈ ഭാഗം പരിശോധിച്ചിരുന്നില്ല.
അതിനിടെ രക്ഷാപ്രവർത്തനം റെയിൽവേ തടസ്സപ്പെടുത്തുന്നുവെന്നാരോപിച്ച് എ.എ റഹീം എം.പി റെയിൽവേ മന്ത്രിക്ക് കത്തയച്ചു. റെയിൽവേയുടെ സമീപനം മാറ്റണമെന്നാണാവശ്യം. വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
തൊഴിലാളിയെ കാണാതായ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടു. വിഷയത്തിൽ ജില്ലാ കളക്ടറും നഗരസഭാ സെക്രട്ടറിയും 7 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നാവശ്യപ്പെട്ടാണ് കമ്മീഷൻ അധികൃതർക്ക് നോട്ടീസ് അയച്ചത്.
തോട് വൃത്തിയാക്കാനിറങ്ങിയ മാരായമുട്ടം സ്വദേശി ജോയിയെയാണ് ആമയിഴഞ്ചാൻ തോട്ടിൽ കാണാതായത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. റെയിൽവേയുടെ നിർദ്ദേശാനുസരണം ആമയഴിഞ്ചാൻ തോട് വൃത്തിയാക്കാൻ ഇറങ്ങിയിതാണ് ജോയ്. വലകെട്ടി മാലിന്യം മാറ്റാനുള്ള ശ്രമത്തിനിടെ ഇയാൾ തോട്ടിലെ ഒഴുക്കിൽപ്പെടുകയായിരുന്നു എന്നാണ് സംശയിക്കുന്നത്.
Adjust Story Font
16