കൂടുതല്‍ ആളുകളുണ്ടെന്ന് സംശയം; പൂരപ്പുഴയില്‍ തെരച്ചില്‍ പുനരാരംഭിച്ചു
നേവിയുടെ നേതൃത്വത്തിലാണ് തെരച്ചില്‍ പുനരാരംഭിച്ചത്
മലപ്പുറം: കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന സംശയത്തിൽ ബോട്ടപകടം നടന്ന പൂരപ്പുഴയിൽ നേവിയുടെ നേതൃത്വത്തിൽ തെരച്ചിൽ പുനരാംഭിച്ചു. ബോട്ടിന് ലൈസൻസില്ലെന്നും അമിതമായി ആളുകളെ കയറ്റിയതാണ് അപകട കാരണമെന്നും നാട്ടുകാർ പറയുന്നു.
അപകടത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 22 പേർ മരിച്ച സംഭവം വാക്കുകളിൽ രേഖപ്പെടുത്താൻ കഴിയാത്ത രീതിയിൽ വലിയ ദുരന്തമാണ്.
കുറ്റമറ്റ അന്വേഷണം ഈ അപകടവുമായി ബന്ധപ്പെട്ട് നടത്തുകയും കുറ്റക്കാരെ നിയമത്തിനുമുന്നിൽ കൊണ്ടുവരികയും ചെയ്യുമെന്നും ഇത്തരം അപകടങ്ങൾ ഇനിയും സംഭവിക്കാതിരിക്കാൻ ആവശ്യമായ മുൻ കരുതലുകൾ സ്വീകരിക്കാനും ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും നടപടികൾ കൈക്കൊള്ളുകയും ചെയ്യുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ഒരു വാക്കുകൊണ്ടും ആശ്വസിപ്പിക്കാൻ കഴിയുന്ന നഷ്ടമല്ല മരണമടഞ്ഞവരുടെ കുടുംബങ്ങൾക്കുണ്ടായിട്ടുള്ളത്. ആ കുടുംബങ്ങളുടെ ദുഃഖത്തിൽ ഈ നാടാകെ പങ്കുചേരുകയാണ്. അനുശോചനം രേഖപ്പെടുത്തുന്നെന്നും പറഞ്ഞാണ് ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
വാക്കുകളിൽ രേഖപ്പെടുത്താൻ കഴിയാത്ത രീതിയിൽ വലിയ ദുരന്തമാണ് താനൂരിൽ ഉണ്ടായത്. 22 പേരുടെ ജീവനാണ് നഷ്ടമായത്. 5 പേർ നീന്തി രക്ഷപ്പെട്ടു. 10 പേർ ആശുപത്രിയിൽ ഉണ്ടായിരുന്നതിൽ 2 പേർ ആശുപത്രി വിട്ടു. 8 പേർ ഇപ്പോഴും ചികിത്സയിൽ കഴിയുകയാണ്.
ബോട്ട് അപകടം നടന്ന താനൂരിൽ മന്ത്രിസഭായോഗവും അതിന്റെ തുടർച്ചയായി എംഎൽഎമാരുടെയും കക്ഷി നേതാക്കളുടെയും യോഗവും ഇന്ന് ചേരുകയുണ്ടായി. മുൻപ് സമാനമായ ദുരന്തങ്ങളുണ്ടായപ്പോൾ നടത്തിയ പരിശോധനകളുടെ ഭാഗമായി നിഷ്‌കർഷിച്ച കരുതൽ നടപടികൾ ഇവിടെ പാലിക്കപ്പെട്ടിട്ടുണ്ടോ എന്നത് ഗൗരവമായി കാണേണ്ടതുണ്ട്. താനൂർ ദുരന്തത്തെ സംബന്ധിച്ച് ഒരു ജുഡീഷ്യൽ അന്വേഷണം നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. ബോട്ടുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ ഉൾപ്പെടെ പരിശോധിക്കാൻ സാങ്കേതിക വിദഗ്ധർ കൂടി ഉൾകൊള്ളുന്ന ഒരു ജുഡീഷ്യൽ കമ്മീഷൻ എന്നതാണ് കാണുന്നത്. അതോടൊപ്പം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിച്ചുകൊണ്ടുള്ള പൊലീസ് അന്വേഷണവും നടത്തും. മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘം പ്രവർത്തിക്കുക. കുറ്റമറ്റ അന്വേഷണം ഈ അപകടവുമായി ബന്ധപ്പെട്ട് നടത്തുകയും കുറ്റക്കാരെ നിയമത്തിനുമുന്നിൽ കൊണ്ടുവരികയും ചെയ്യും. ഇത്തരം അപകടങ്ങൾ ഇനിയും സംഭവിക്കാതിരിക്കാൻ ആവശ്യമായ മുൻ കരുതലുകൾ സ്വീകരിക്കാനും ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും നടപടികൾ കൈക്കൊള്ളുകയും ചെയ്യും.
സംഭവമറിഞ്ഞ ഉടൻ തന്നെ മുഴുവൻ സംവിധാനങ്ങളെയും ഏകോപിപ്പിച്ച് അടിയന്തിര രക്ഷാപ്രവർത്തനത്തിനുള്ള ഇടപെടൽ സർക്കാർ നടത്തിയിരുന്നു. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റുകളുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവർത്തനം നടത്തിയത്. സേനയിലെ മുങ്ങൽ വിദഗ്ദ്ധരും ഇതിൽ പങ്കെടുത്തു. മത്സ്യത്തൊഴിലാളികൾ നിർണ്ണായകമായ പങ്കാളിത്തമാണ് രക്ഷാപ്രവർത്തനത്തിൽ വഹിച്ചത്. ദുരന്തനിവാരണ സേനയും പൊലീസ്, റവന്യൂ, ആരോഗ്യ വിഭാഗങ്ങളും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് സജീവമായി ഇടപെട്ടു. മന്ത്രിമാരും എം.എൽ.എ മാരും രക്ഷപ്രവർത്തനം ഏകോപിപ്പിക്കാൻ ഇന്നലെ രാത്രി തന്നെ രംഗത്തുണ്ടായിരുന്നു.
ജീവൻ നഷ്ടമായവരുടെ കുടുംബത്തിന് ഒന്നും പരിഹാരമാവില്ലെങ്കിലും സർക്കാർ എന്ന നിലയിൽ മരണമടഞ്ഞ ഓരോ ആളുടെയും കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം നൽകാനാണ് തീരുമാനിച്ചിട്ടുള്ളത്. ചികിത്സയിലുള്ളവരുടെ മുഴുവൻ ചികിത്സാ ചെലവും സർക്കാർ വഹിക്കും. ഒരു വാക്കുകൊണ്ടും ആശ്വസിപ്പിക്കാൻ കഴിയുന്ന നഷ്ടമല്ല മരണമടഞ്ഞവരുടെ കുടുംബങ്ങൾക്കുണ്ടായിട്ടുള്ളത്. ആ കുടുംബങ്ങളുടെ ദുഃഖത്തിൽ ഈ നാടാകെ പങ്കുചേരുകയാണ്. അനുശോചനം രേഖപ്പെടുത്തുന്നു.
Adjust Story Font
16