കാലിക്കറ്റ് സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പ്: ഗവൺമെൻറ് കോളേജ് അധ്യാപകമണ്ഡലത്തിൽനിന്ന് ഡോ. ആബിദ ഫാറൂഖിയ്ക്ക് വിജയം
ഗവണ്മെന്റ് കോളേജ് അധ്യാപക മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ സി.കെ.സി.ടി പ്രതിനിധിയാണ്
DR. Abida Farooqui
കാലിക്കറ്റ് സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗിന്റെ കോളേജ് അധ്യാപക സംഘടനയായ കോൺഫെഡറേഷൻ ഓഫ് കേരള കോളേജ് ടീച്ചേഴ്‌സ് (സി.കെ.സി.ടി) സ്ഥാനാർത്ഥി ഡോ. ആബിദ ഫാറൂഖിയ്ക്ക് വിജയം. ഗവൺമെൻറ് കോളേജ് മണ്ഡലത്തിലെ ആകെയുള്ള അഞ്ചു സീറ്റുകളിൽ ആകെ പോൾ ചെയ്ത 1132 വോട്ടുകളിൽ നിന്ന് 237 വോട്ടുകൾ നേടിയാണ് ആദ്യ റൗണ്ടിൽ തന്നെ കൊണ്ടോട്ടി ഗവൺമെൻറ് കോളേജ് ഇംഗ്ലീഷ് വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ഡോ. ആബിദ ഫാറൂഖി വിജയിച്ചത്.
ഗവൺമെൻറ് കോളേജ് മണ്ഡലത്തിൽ നിന്ന് മുസ്‌ലിംലീഗ് അനുകൂല അധ്യാപക സംഘടനയുടെ പ്രതിനിധിയായി ഒരാൾ കാലിക്കറ്റ് സർവകലാശാല സെനറ്റിലേക്ക് തെരഞ്ഞെടുപ്പിലൂടെ വിജയിക്കുന്നത് ആദ്യമാണ്. ആബിദ ഫാറൂഖി സികെസിടി സംസ്ഥാന കമ്മിറ്റി അംഗവും 2013- 16 കാലയളവിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് മെമ്പറും ആയിരുന്നു. ഇംഗ്ലീഷ് ബോർഡ് ഓഫ് സ്റ്റഡീസ് ചെയർപേഴ്‌സൺ, സ്റ്റിയറിംഗ് കമ്മിറ്റി അംഗം എന്നീ പദവികളും വഹിച്ചിട്ടുണ്ട്. മുസ്‌ലിം ലീഗ് സ്ഥാപക നേതാവ് എൻ.വി. അബ്ദുസ്സലാം മൗലവിയുടെ പൗത്രിയും കെ.എം.സി.സി നേതാവ് അബ്ദുല്ല ഫാറൂഖിയുടെ മകളുമാണ് ആബിദ ഫാറൂഖി. എൻ.വി ഫാത്തിമയാണ് മാതാവ്. നിരവധി ദേശീയ അന്തർദേശീയ സെമിനാറുകളിൽ പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്.
ഇടതു സർക്കാറിന്റെയും കാലിക്കറ്റ് സർവകലാശാലയുടെയും അക്കാദമിക വിരുദ്ധ, അധ്യാപക ദ്രോഹ നടപടികൾക്കെതിരെ സർക്കാർ കോളേജ് അധ്യാപകർ പ്രതിഷേധം ബാലറ്റിലൂടെ രേഖപ്പെടുത്തിയതാണ് സി.കെ.സി.ടി പ്രതിനിധിയുടെ ചരിത്രവിജയത്തിന്റെ പ്രധാന ഘടകം ആയതെന്ന് സംസ്ഥാന പ്രസിഡണ്ട് ഡോ അബ്ദുൽജലീൽ ഒതായി, ജനറൽ സെക്രട്ടറി ഡോ എസ്. ഷിബുനു കാലിക്കറ്റ് സർവകലാശാല മുൻ സിൻഡിക്കേറ്റ് മെമ്പർ ഡോ. പി റഷീദ് അഹമ്മദ്, മലപ്പുറം ജില്ല പ്രസിഡന്റ് ജാഫർ കടക്കൽ എന്നിവർ പറഞ്ഞു.
നാളെ നടക്കുന്ന എയ്ഡഡ് കോളേജ് അധ്യാപക മണ്ഡലത്തിലെ 16 സീറ്റുകളിലെ തെരഞ്ഞെടുപ്പിലും അധ്യാപകർ ഇതേ വികാരം പ്രകടിപ്പിക്കുമെന്നും എയ്ഡഡ് കോളേജ് അധ്യാപക മണ്ഡലത്തിലും സി കെ സി ടി ശക്തമായ വിജയം നേടുമെന്നും നേതാക്കൾ പ്രത്യാശ പ്രകടിപ്പിച്ചു.
DR. Abida Farooqui of CKCT, the college teachers union of the Muslim League, has won the Calicut University Senate elections.
Adjust Story Font
16