Quantcast

എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറിയുടെ പ്രസ്താവന ശ്രീനാരായണ ധർമത്തിനും സാമൂഹ്യ നീതിക്കും നിരക്കാത്തത്: ദ്രാവിഡ ധർമ വിചാര കേന്ദ്രം

തന്റെ സമുദായത്തിന് അർഹമായത് നേടിയെടുക്കാൻ ശ്രമിക്കുന്നതിന് പകരം മുസ്‌ലിംസമുദായത്തിനെതിരെ വസ്തുതാവിരുദ്ധമായ കാര്യങ്ങൾ ആരോപിച്ച് പുകമറ സൃഷ്ടിക്കാനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നതെന്ന് ദ്രാവിഡ ധർമ വിചാരകേന്ദ്രം അഭിപ്രായപ്പെട്ടു.

MediaOne Logo

Web Desk

  • Published:

    8 Jun 2024 5:20 PM GMT

എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറിയുടെ പ്രസ്താവന ശ്രീനാരായണ ധർമത്തിനും സാമൂഹ്യ നീതിക്കും നിരക്കാത്തത്: ദ്രാവിഡ ധർമ വിചാര കേന്ദ്രം
X

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഈഴവ സമുദായത്തിന് അർഹമായ അധികാര-അവകാശം ചോദിക്കുമ്പോൾ വസ്തുതകൾ മറച്ചുവച്ച് തന്റെ മകന്റെ രാഷ്ട്രീയ ചേരിക്ക് വേണ്ടി വിടുപണി ചെയ്യുന്ന അധഃപതിച്ച വിഭജന രാഷ്ട്രീയം പയറ്റരുതെന്ന് ദ്രാവിഡ ധർമ്മ വിചാര കേന്ദ്രം ആവശ്യപ്പെട്ടു. ഈഴവ സമുദായം കാലോചിതമായി ഉയർത്തേണ്ട സാമൂഹ്യ ഇടപെടൽ ഇതല്ല. ഇപ്പോൾ കേരളത്തിലെ ഇടതുപക്ഷ മന്ത്രിസഭയിൽ 20 മന്ത്രിമാരാണ് ഉള്ളത്. 10 നായൻമാർ, നാല് ഈഴവർ, മൂന്ന് ക്രിസ്ത്യാനികൾ, രണ്ട് മുസ്‌ലിംകൾ, ഒരു പട്ടികജാതി വിഭാഗത്തിൽപ്പെട്ട മന്ത്രിയുമാണുള്ളത്. ജനസംഖ്യയിൽ തുലോം തുച്ഛമായ നായർ സമുദായം സുപ്രധാന വകുപ്പുകൾ ഉൾപ്പടെ ജനസംഖ്യാനുപാതിക പ്രാതിനിധ്യം അട്ടിമറിച്ച് 10 മന്ത്രിസ്ഥാനം കയ്യടക്കിവെച്ചിരിക്കുന്നു. അത് പ്രതിനിധ്യപരമായി പുനഃസംഘടിപ്പിച്ചുകൊണ്ട് തന്റെ സമുദായത്തിന് അർഹമായത് ലഭിക്കണമെന്നാണ് വെള്ളാപ്പള്ളി നടേശൻ പറയേണ്ടിയിരുന്നത്.

ഏഴ് ശതമാനം തികച്ച് ഇല്ലാത്ത നായർ സമുദായം 10 മന്ത്രിമാരെ കൈപ്പിടിയിൽ അടക്കി വെക്കുമ്പോൾ 30 ശതമാനമുള്ള മുസ്‌ലിം സമുദായത്തിന് രണ്ട് മന്ത്രിമാർ മാത്രമാണുള്ളത്. ഇതിൽ ഏതാണ് അനർഹവും പ്രീണനവും എന്ന് കേരള സമൂഹവും വിഷയം ഉന്നയിച്ച വെള്ളാപ്പള്ളി നടേശന്റെ സമുദായമായ ഈഴവ സമുദായവും ചർച്ച ചെയ്യണം. ഇനിയും പരിഗണന ലഭിച്ചിട്ടില്ലാത്ത എസ്.ടി/ഒ.ബി.സി/ഒ.ഇ.സി വിഭാഗങ്ങളിൽപെട്ട പിന്നാക്ക സമുദായങ്ങൾക്കും തന്റെ സമുദായത്തിനും കൂടി നായർ സമുദായം അനർഹമായി കയ്യടക്കിവച്ചിരിക്കുന്ന മന്ത്രിസ്ഥാനങ്ങൾ വീതിച്ചു തരണം എന്നായിരുന്നു വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെടേണ്ടത്.

അതിന് പകരം രണ്ട് മന്ത്രിമാർ മാത്രമുള്ള മുസ്‌ലിം സമുദായത്തിന് മേൽ പുകമറ സൃഷ്ടിക്കുന്ന വാസ്തവ വിരുദ്ധമായ പ്രസ്താവന നടത്തിയ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി ആ സ്ഥാനം വഹിക്കാൻ അർഹനല്ലെന്ന് ദ്രാവിഡ ധർമ വിചാര കേന്ദ്രം വിലയിരുത്തി. വെള്ളാപ്പള്ളി നടേശൻ തന്റെ സമുദായത്തിന്റെ പാരമ്പര്യത്തിൽ ഊന്നിയുള്ള പ്രവർത്തനമാണോ അതോ ഗൂഢമായ ഉദ്ദേശത്തോടെ നാരായണ ഗുരുവിന്റെ മാനവ ദർശനത്തിന് വിരുദ്ധമായ സമുദായപ്രവർത്തനമാണോ നടത്തുന്നത് എന്ന് ശ്രീനാരായണ സമൂഹം പരിശോധിക്കണമെന്നും ദ്രാവിഡ ധർമ്മ വിചാര കേന്ദ്രം അഭ്യർഥിച്ചു.

TAGS :

Next Story