കോട്ടയത്ത് അരിലോറി നിയന്ത്രണംവിട്ട് മരത്തിലും മതിലിലും ഇടിച്ച് അപകടം; ഡ്രൈവർ മരിച്ചു
ചിങ്ങവനത്തെ എഫ്.സി.ഐ ഗോഡൗണില്‍ നിന്നും അരിയുമായി മൂലമറ്റം അറക്കുളത്തെ ഗോഡൗണിലേക്ക് പോവുകയായിരുന്നു ലോറി.
കോട്ടയം: പാലായിൽ ലോറി അപകടത്തിൽ ഡ്രൈവര്‍ മരിച്ചു. കോട്ടയം ചിങ്ങവനം ചാന്നാനിക്കാട് സ്വദേശി ചാക്കോ (67) ആണ് മരിച്ചത്. ഉച്ചയ്ക്ക് 12.45ഓടെ പാലാ- തൊടുപുഴ റോഡിൽ പയപ്പാറിന് സമീപമാണ് അപകടം.
ലോഡുമായി വന്ന ലോറി നിയന്ത്രണം നഷ്ടമായി മരത്തിലിടിച്ച ശേഷം വീടിന്റെ മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ചിങ്ങവനത്തെ എഫ്.സി.ഐ ഗോഡൗണില്‍ നിന്നും അരിയുമായി മൂലമറ്റം അറക്കുളത്തെ ഗോഡൗണിലേക്ക് പോവുകയായിരുന്നു ലോറി.
മത്തക്കുന്നേൽ മാത്തുക്കുട്ടിയെന്നയാളുടെ വീട്ടിലേക്കാണ് ലോറിയിടിച്ചുകയറിയത്. അപകടത്തിൽ ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു. അരിച്ചാക്കുകള്‍ ലോറിയില്‍ നിന്നും റോഡില്‍ ചിതറി വീണു.
ലോറിയുടെ മുൻഭാഗം വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ചാക്കോയുടെ മൃതദേഹം പാലാ ജനറലാശുപത്രിയിലേക്ക് മാറ്റി. ഈ മേഖലയിൽ അപകടം പതിവാണെന്ന് നാട്ടുകാർ പറയുന്നു.
Adjust Story Font
16