റുവൈസിന്റെ പിതാവിന് മുൻകൂർ ജാമ്യം; ഷഹനയുടെ മരണത്തിൽ പങ്കില്ലെന്ന് ആവർത്തിച്ച് റുവൈസ്
വിവാഹം വേഗം വേണമെന്ന് ഷഹന നിർബന്ധിച്ചിരുന്നു. ഇത് പറ്റില്ല എന്ന് പറഞ്ഞിരുന്നതായും റുവൈസിന്റെ ജാമ്യാപേക്ഷയിലുണ്ട്.
കൊച്ചി: ഡോ.ഷഹനയുടെ മരണത്തിൽ പ്രതി റുവൈസിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സർക്കാറിന്റെ വിശദീരണം തേടി. ഹരജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും . റുവൈസിന്റെ പിതാവ് അബ്ദുൽ റഷീദിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഷഹനയുടെ മരണത്തിൽ പങ്കില്ലെന്നും മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെന്നുമാണ് റുവൈസിന്റെ ആരോപണം.
പഠനത്തിന് ശേഷം വിവാഹം നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, വിവാഹം വേഗം വേണമെന്ന് ഷഹന നിർബന്ധിച്ചിരുന്നു. ഇത് പറ്റില്ല എന്ന് പറഞ്ഞിരുന്നതായും റുവൈസിന്റെ ജാമ്യാപേക്ഷയിലുണ്ട്. റുവൈസിന്റെ ജാമ്യാപേക്ഷ നേരത്തെ തിരുവനന്തപുരം സെഷൻസ് കോടതി തള്ളിയിരുന്നു. റുവൈസിനെതിരെ ആത്മഹത്യാപ്രേരണ കുറ്റവും സ്ത്രീധന നിരോധന നിയമം ഉൾപ്പെടെയാണ് ചുമത്തിയിരുന്നത്.
അതീവ ഗൗരവമുള്ള കുറ്റമാണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് റുവൈസിന്റെ ജാമ്യഅപേക്ഷ കോടതി തള്ളിയത്. കേസിൽ കൂടുതൽ തെളിവുകൾ കണ്ടെത്തണമെന്നും ഒളിവിൽ പോയ റുവൈസിന്റെ പിതാവിനെ കണ്ടെത്തണമെന്നുമടക്കമുള്ള കാര്യങ്ങൾ ജാമ്യാപക്ഷേയെ എതിർത്തുകൊണ്ട് പൊലീസ് കോടതിയെ ധരിപ്പിച്ചിരുന്നു.
ഷഹനയുടെ മരണത്തില്‍ മെഡിക്കൽ കോളേജ് പൊലീസാണ് റുവൈസിന്റെ പിതാവിനെ പ്രതി ചേർത്തത്. ഭീമമായ സ്ത്രീധനം ആവശ്യപ്പെട്ട് വിവാഹാലോചനയിൽ നിന്ന് പിന്മാറിയതാണ് ഷഹന ജീവനൊടുക്കാൻ കാരണമെന്നാണ് പൊലീസ് പറയുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ സർജറി വിഭാഗം പി.ജി വിദ്യാർഥിനിയായിരുന്നു 26കാരിയായ ഷഹന.
Adjust Story Font
16