യുവഡോക്ടർ ജീവനൊടുക്കിയ സംഭവം; ഡോ.റുവൈസിന്റെ അറസ്റ്റ് ഇന്നുണ്ടായേക്കും
ഭീമമായ സ്ത്രീധനം നൽകാത്തതിനാൽ വിവാഹത്തിൽ നിന്ന് റുവൈസ് പിൻമാറിയെന്ന് മരിച്ച ഷഹനയുടെ അമ്മയും സഹോദരിയും മൊഴി നൽകിയിരുന്നു
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ യുവഡോക്ടർ ജീവനൊടുക്കിയ സംഭവത്തിൽ ആരോപണ വിധേയനായ ഡോ. റുവൈസിന്റെ അറസ്റ്റ് ഉടൻ ഉണ്ടാകും. ആത്മഹത്യാ പ്രേരണാ കുറ്റവും സ്ത്രീധന നിരോധന നിയമവും ചുമത്തി പ്രതിചേർത്തതിന് പിന്നാലെയാണ് മെഡിക്കൽ കോളേജ് പോലീസിന്റെ നടപടി.
ഭീമമായ സ്ത്രീധനം നൽകാത്തതിനാൽ വിവാഹത്തിൽ നിന്ന് പ്രതി പിൻമാറിയെന്ന് മരിച്ച ഷഹനയുടെ അമ്മയും സഹോദരിയും മൊഴി നൽകിയിരുന്നു. ആരോപണങ്ങൾക്ക് പിന്നാലെ പിജി ഡോക്ടർമാരുടെ സംഘടനയുടെ പ്രസിഡൻറ് സ്ഥാനത്തു നിന്നും റുവൈസിനെ പുറത്താക്കി. സംഭവത്തിൽ ഡോക്ടർ ഷഹനയുടെ ബന്ധുക്കൾ നാളെ സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകും.
ചൊവ്വാഴ്ചയാണ് വെഞ്ഞാറമൂട് സ്വദേശി ഷഹനയെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പിൽ സ്ത്രീധന പീഡനത്തെ തുടർന്നാണ് ജീവനൊടുക്കുന്നതെന്ന് ഷഹാന കുറിച്ചിരുന്നു. ഷഹാനയുടെയും റുവൈസിന്റെയും വിവാഹം ഉറപ്പിച്ചിരുന്നെങ്കിലും റുവൈസും കുടുംബവും കോടിക്കണക്കിന് രൂപ ആവശ്യപ്പെട്ട് യുവതിയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
ഷഹാനയുടെ മരണത്തെത്തുടർന്ന് പൊലീസ് സഹോദരന്റെയടക്കം മൊഴിയെടുത്തിരുന്നെങ്കിലും സ്ത്രീധനപീഡനമാണ് യുവതി ജീവനൊടുക്കിയതിന് പിന്നിലെന്ന് വ്യക്തമായിരുന്നില്ല. പിന്നീട് ഷഹാനയുടെ അമ്മയെയും സഹോദരിയെയും ചോദ്യം ചെയ്തതിൽ നിന്നാണ് റുവൈസ് സ്ത്രീധനം ചോദിച്ചതായി മനസ്സിലാകുന്നത്.
Adjust Story Font
16