ലഹരിക്കടത്ത് സംഘത്തിലെ പ്രധാനി അറസ്റ്റിൽ; പിടിയിലായത് നൈജീരിയൻ പൗരൻ
കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇയാൾ മാരക മയക്കു മരുന്നുകൾ വിതരണം ചെയ്തിരുന്നുവെന്നാണ് വിവരം
കോഴിക്കോട്: കേരളത്തിലേക്ക് ലഹരിയെത്തിക്കുന്ന സംഘത്തിലെ പ്രധാനി അറസ്റ്റിൽ. നൈജീരിയൻ പൗരൻ ചാൾസ് ഒഫ്യുഡിലിനെ ബംഗളൂരുവിൽ വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇയാൾ മാരക മയക്കു മരുന്നുകൾ വിതരണം ചെയ്തിരുന്നുവെന്നാണ് വിവരം.
കോഴിക്കോട്ടെ ഒരു ലഹരിക്കേസിന്റെ വേരുകൾ തേടി നടക്കാവ് പൊലീസ് അന്വേഷണം ബംഗളൂരുവിലേക്കും വ്യാപിച്ചിരുന്നു. ഫെബ്രുവരി മൂന്നിന് ശ്രമകരമായ അന്വേഷണത്തിനൊടുവിൽ പൊലീസ് തേടിയ നൈജീരിയൻ പൗരനെ ബാംഗ്ലൂരിലെ ഹൊറമാവ് ആഗര തടാകത്തിനടുത്ത് വെച്ച് കണ്ടെത്തുകയായിരുന്നു. ലഹരി വിൽപനയിലേർപ്പെട്ടിരുന്ന ഇയാളെ പൊലീസ് ബലപ്രയോഗത്തിലൂടെ കയ്യോടെ പിടിച്ചു. ഇയാളിൽ നിന്ന് 55 ഗ്രാം എംഡിഎംഎയും പൊലീസ് പിടിച്ചെടുത്തു.
ചാൾസ് ഒഫ്യുഡിൽ ലഹരിക്കേസിൽ നേരത്തെ ആറ് മാസം തടവു ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ജാമ്യത്തിലിറങ്ങി വീണ്ടും ലഹരിക്കടത്ത് തുടരുകയായിരുന്നു. ലഹരി മരുന്നുകൾ നിർമിച്ച് രാജ്യത്തിനകത്തേക്കും പുറത്തേക്കും കടത്തുന്ന വൻസംഘത്തിന്റെ ഭാഗമാണ് ഇയാളെന്ന് പൊലീസ് പറയുന്നു... കോഴിക്കോട് കെ.എസ്.ആർ.ടി.സി സ്റ്റാന്റിൽ നിന്ന് യുവാവിൽ നിന്ന് എം.ഡി.എം.എ പിടികൂടിയ കേസിന്റെ അന്വേഷണമാണ് നടക്കാവ് പൊലീസിനെ ബംഗളൂരുവിലെത്തിച്ചത്. ഇതേ കേസിൽ നേരത്തെ ഒരു ഘാന പൗരനും മൂന്ന് മലയാളികളും അറസ്റ്റിലായിട്ടുണ്ട്.
Adjust Story Font
16