കോഴിക്കോട് മെഡിക്കൽ കോളേജിലെ മരുന്ന് ക്ഷാമം; മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു
മീഡിയ വൺ വാർത്തയെ തുടർന്നാണ് നടപടി
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ മരുന്ന് ക്ഷാമത്തിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു.മെഡിക്കൽ കോളേജ് സൂപ്രണ്ട് 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ നിർദേശിച്ചു.മീഡിയ വൺ വാർത്തയെ തുടർന്നാണ് നടപടി.
മരുന്ന് ക്ഷാമത്തിന്‍റെ പ്രത്യാഘാതം അനുഭവിക്കുന്നത് പാവപ്പെട്ടവരായ രോഗികളാണെന്ന് കമ്മീഷൻ പറഞ്ഞു. ഓഗസ്റ്റ് 31 ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
കോഴിക്കോട് , തൃശ്ശൂർ മെഡിക്കൽ കോളേജുകളിൽ മരുന്ന് ക്ഷാമം രൂക്ഷമാണ്. രോഗികൾ മണിക്കൂറുകളോളം ക്യൂ നിന്നതിന് ശേഷം മരുന്നില്ല എന്ന മറുപടി കേട്ട് മടങ്ങുകയാണ്. കഴിഞ്ഞ ദിവസമാണ് മീഡിയ വൺ ഈ വാര്‍ത്ത പുറത്തു വിട്ടത്.
ഹൃദ്രോഗികൾ കഴിക്കുന്ന വില കുറവുള്ള ആസ്പിരിൻ, ഗർഭിണികൾ പതിവായി കഴിക്കുന്ന ഫോളിക് ആസിഡ് ഗുളികകൾ ഉൾപ്പെടെ മിക്ക മരുന്നുകളും തീർന്നു. ഡോക്ടർമാർ കുറിച്ച് നൽകുന്ന അളവിന്‍റെ പകുതി മരുന്ന് മാത്രമാണ് പലർക്കും ലഭിക്കുന്നത്.
ആൻറിബയോട്ടിക് ഇഞ്ചക്ഷനുകൾ. പ്രമേഹം , ഷുഗർ, രക്തസമ്മർദ്ദം തുടങ്ങിയ ജീവിത ശൈലീരോഗങ്ങൾക്കുള്ള മരുന്നുകൾ ഇതൊന്നും തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിലില്ല. മെഡിക്കൽ കോളേജുകളിലേക്ക് ഒരു വർഷത്തേക്കുള്ള മരുന്ന് മൊത്തമായാണ് എത്താറുള്ളത്. ഇത്തവണ നൽകിയ ലിസ്റ്റിലുള്ള ഭൂരിഭാഗം മരുന്നും എത്തിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം.
Adjust Story Font
16