ലഹരിക്കടത്തുകാർക്ക് പൊലീസ് യൂനിഫോമും നൽകിയിട്ടുണ്ട്; ഡാൻസാഫ് ലഹരി വിൽപനയും നടത്തി-പി.വി അൻവർ
ലഹരി കച്ചവടം നടത്താൻ റോ മെറ്റീരിയൽ എത്തിച്ചുകൊടുക്കുന്ന പൊലീസുകാരുണ്ടെന്നും അൻവർ മീഡിയവണിനോട് പറഞ്ഞു
കോഴിക്കോട്: പൊലീസ് ബോർഡ് മാത്രമല്ല യൂനിഫോമും ലഹരി സംഘത്തിനു നൽകിയിട്ടുണ്ടെന്ന് പി.വി അൻവർ എംഎൽഎ. ലഹരി കച്ചവടം നടത്താൻ റോ മെറ്റീരിയൽ എത്തിച്ചുകൊടുക്കുന്ന പൊലീസ് ഉണ്ട്. സുജിത് ദാസിന് ഉന്നതരുടെ പിന്തുണയുണ്ട്. മലപ്പുറത്ത് ഡാൻസാഫ് സംഘവും ലഹരിക്കടത്ത് മാഫിയയും തമ്മിലുള്ള ബന്ധം പുറത്തുവിട്ട മീഡിയവൺ വാർത്തയോട് പ്രതികരിക്കുകയായിരുന്നു അൻവർ.
വിദ്യാർഥികളുടെയും പൊതുപ്രവർത്തകരുടെയും ചെറുപ്പക്കാരുടെയും പൊതുവിഷയങ്ങളിൽ ഇടപെടുന്ന ആളുകളുടെയെല്ലാം പേരിലാണ് കേസുകൾ രജിസ്റ്റർ ചെയ്യുന്നത്. ഇനിയും ഒരുപാട് കാര്യങ്ങൾ പുറത്തുവരാനുണ്ട്. പൊലീസ് വണ്ടിയുടെ ബോർഡ് മാത്രമല്ല വേഷവും നൽകിയ കേസുകൾ പുറത്തുവരാനുണ്ട്. ലഹരി കച്ചവടം നടത്താൻ റോ മെറ്റീരിയൽ എത്തിച്ചുകൊടുക്കുന്ന പൊലീസുകാരുണ്ടെന്നും അൻവർ വെളിപ്പെടുത്തി.
മലപ്പുറം ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളിൽ എത്ര പേരെ ശിക്ഷിച്ചിട്ടുണ്ടെന്നു പരിശോധിക്കണം. സത്യസന്ധമായി അന്വേഷിച്ചാൽ ഈ കേസുകൾ തെളിയും. പൊതു ഇടങ്ങളിലാണു മയക്കുമരുന്ന് വിൽക്കുന്നത്. ഇതൊന്നും രഹസ്യമല്ലെന്നും അങ്ങാടിപ്പാട്ടാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ പോരാട്ടത്തിന് പാർട്ടി പൂർണ പിന്തുണ നൽകുന്നുണ്ടെന്നും അതുകൊണ്ടാണ് സിപിഎം ഇപ്പോഴും തള്ളി പറയാത്തതെന്നും അൻവർ പറഞ്ഞു.
ഡാൻസാഫും മയക്കുമരുന്ന് സംഘവുമായി ബന്ധപ്പെട്ട് നിരവധി വിഷയങ്ങൾ എനിക്കു മുന്നിലുണ്ട്. ഇനിയും എത്രയോ പുറത്തുവരാനുണ്ട്. ഒരുപാട് നിരപരാധികളെ കേസിൽ കുടുക്കുകയും അപരാധികളെ രക്ഷപ്പെടുത്തുകയുമാണ് ഡാൻസാഫ് ചെയ്യുന്നത്. ലഹരി മരുന്ന് കൊണ്ടുവന്ന് നാടിന്റെ വിവിധ ഭാഗങ്ങളിൽ കച്ചവടം ചെയ്യാൻ ലഹരി മാഫിയ സംഘത്തെ ഏൽപിക്കുകയും അവരെ തന്നെ ഉപയോഗിച്ച് ആളുകളെ കള്ളക്കേസിൽ കുടുക്കുകയുമാണു ചെയ്യുന്നതെന്നും അൻവർ പറഞ്ഞു.
''യുവാക്കളെ ലഹരി കാരിയർമാരും ബിസിനസുകാരും ആക്കുകയും ഒരു ഘട്ടം കഴിഞ്ഞ് ഇവരെ പ്രതികളാക്കി ജയിലിലടക്കുകയും ചെയ്യുന്നവരും ഡാൻസാഫിന്റെ കൂട്ടത്തിലുണ്ട്. ജീവിതത്തിൽ മയക്കുമരുന്ന് കണ്ടിട്ടുപോലുമില്ലാത്ത എത്രയോ നിരപരാധികളെ ഇവർ ജയിലിലടച്ചിട്ടുണ്ട്. മാസത്തെ കേസ് ക്വാട്ട തികയ്ക്കാൻ ഒരു ഭാഗത്ത് ഇതു നടക്കുമ്പോൾ മറുവശത്ത് യഥാർഥ പ്രതികൾ ലഹരി കച്ചവടം തുടരാനും അതിൽനിന്നു പണമുണ്ടാക്കാനും വിടുകയാണ്.
ജനങ്ങളെയും സർക്കാരിനെയും പറ്റിച്ച് നിരപരാധികളെ കേസിൽ കുടുക്കുന്ന പരിപാടികളാണ് കുറേകാലമായി അജിത് കുമാറും സുജിത് ദാസും ഡാൻസാഫ് സംഘവും കേരളത്തിൽ നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒട്ടനവധി പരാതികൾ എനിക്ക് ലഭിച്ചിട്ടുണ്ട്. സുജിത് ദാസ് പൊലീസ് വകുപ്പിൽ കയറിയതുതൊട്ട് സാമൂഹികവിരുദ്ധ, രാജ്യദ്രോഹക്കുറ്റങ്ങൾ ചെയ്തു പണമുണ്ടാക്കാനും ഇതിനു പൊലീസ് സേനയെ ഉപയോഗിക്കാനും ഗവേഷണം നടത്തി കോടികൾ സമ്പാദിച്ചയാളാണ് സുജിത് ദാസും എഡിജിപി അജിത് കുമാറും.''
ഈ മാഫിയയിലെ രണ്ട് കണ്ണികൾ മാത്രമാണ് സുജിത് ദാസും അജിത് കുമാറും. മലപ്പുറം എന്നും ഇതിന്റെ കേന്ദ്രമാക്കിയിരിക്കുകയാണ്. മയക്കുമരുന്ന് എത്തിക്കുന്നതും കച്ചവടം ചെയ്യുന്നതും പിടിക്കുന്നതും കേസുണ്ടാക്കുന്നതുമെല്ലാം ഇവർ തന്നെയാണ്. ഇതിന്റെ ഉത്ഭവസ്ഥാനം ഇതുവരെ പിടിക്കുകയും മുറിക്കുകയും ചെയ്യാത്തത് എന്തുകൊണ്ടാണ്. ഇതിന്റെ പിന്നിൽ ഇവർ തന്നെയായതുകൊണ്ടാണിതെന്നും അൻവർ പറഞ്ഞു.
എഡിജിപി അജിത് കുമാർ ഡിജിപിക്കു നൽകിയ മൊഴിയിലും അൻവർ പ്രതികരിച്ചു. ഇതുതന്നെയാണ് ഞാൻ പ്രതീക്ഷിച്ചിരുന്നത്. തീവ്രവാദി എന്നു വിളിക്കാൻ വളരെ എളുപ്പമാണല്ലോ.. തൻ ഉദ്ദേശിച്ചിടത്തേക്കാണു കാര്യങ്ങൾ പോകുന്നതെന്നും അൻവർ കൂട്ടിച്ചേർത്തു.
Summary: ''Drug traffickers are also given police uniforms; DANSAF also sold drugs'': Alleges PV Anvar MLA
Adjust Story Font
16