മീഡിയവണിന് നേരെയുള്ളത് ദുരുദ്ദേശത്തോടെയുള്ള അധികാര ദുർവിനിയോഗം-ദുഷ്യന്ത് ദവേ
ലൈസൻസ് എടുക്കുന്നതിനുള്ള ആദ്യ അപേക്ഷയും പിന്നീട് പുതുക്കലിന്റെ അപേക്ഷയും വ്യത്യസ്തമാണ്
മീഡിയവൺ ചാനലിന് നേരെയുള്ളത് ദുരുദ്ദേശത്തോടെയുള്ള കേന്ദ്രസർക്കാരിന്റെ അധികാര ദുർവിനിയോഗമെന്ന് മീഡിയവൺ ഹൈക്കോടതിയിൽ. സുപ്രിം കോടതിയിലെ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവേദവേയാണ് മീഡിയവണിന്റെ വാദങ്ങൾ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന് മുന്നിൽ അറിയിച്ചത്.
മീഡിയാവൺ ചാനലിന് വിലക്കേർപ്പെടുത്തയതിനെതിരെ സമർപ്പിച്ച ഹരജി തള്ളിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ മീഡിയവൺ നൽകിയ അപ്പീലിലെ വാദത്തിനിടെയാണ് ഇക്കാര്യം അദ്ദേഹം കോടതിയെ അറിയിച്ചത്.
വാർത്താ ചാനലുകൾക്ക് ലൈസൻസ് പുതുക്കുന്ന സമയത്ത് സെക്യൂരിറ്റി ക്ലിയറൻസ് ആവശ്യമില്ലെന്നായിരുന്നു ദുഷ്യന്ത് ദവേയുടെ പ്രധാന വാദം. സെക്യൂരിറ്റി ക്ലിയറൻസില്ലെന്ന് ഒരു ഘട്ടത്തിലും മീഡിയാവണിനെ അറിയിച്ചിരുന്നില്ല.ലൈസൻസ് എടുക്കുന്നതിനുള്ള ആദ്യ അപേക്ഷയും പിന്നീട് പുതുക്കലിന്റെ അപേക്ഷയും വ്യത്യസ്തമാണ്.അഞ്ച് തവണയിൽ കൂടുതൽ അനുമതിയുടെ ഉപാധികൾ തെറ്റിച്ചാൽ മാത്രമേ ലൈസൻസ് റദ്ദാക്കാനാവൂയെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
10 വർഷത്തിനിടെ ഒരു നിയമ വിരുദ്ധ പ്രവൃത്തിയും ചാനലിൽ നിന്ന് ഉണ്ടായിട്ടില്ല. ഇതിനിടയിലൊന്നും രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ക്ലിയറൻസ് നിഷേധിച്ചിട്ടില്ല. ഏതെങ്കിലും പ്രോഗ്രാമിൽ പ്രശ്‌നമുണ്ടെങ്കിൽ അത് ചൂണ്ടിക്കാണിക്കുകയാണ് വേണ്ടത്.ലൈസൻസ് റദ്ദാക്കുകയല്ല ചെയ്യേണ്ടത്.സിംഗിൾ ബെഞ്ച് വിധിയിൽ ആശയകുഴപ്പങ്ങളുണ്ട്. നിരവധി ജീവനക്കാരെ തൊഴിൽ രഹിതരാക്കിയതും കേന്ദ്രസർക്കാരിന്റെ നിയമവിരുദ്ധ പ്രവർത്തിയിലൂടെയാണെന്നും കോടതിയെ അദ്ദേഹം അറിയിച്ചു.
ലൈസൻസ് പുതുക്കാനുള്ള സമയം കഴിഞ്ഞിട്ട് നാല് മാസമായി. നാല് മാസമായി ലൈസൻസ് പുതുക്കാതെ പ്രവർത്തിക്കാൻ അനുവദിച്ചു.ഭരണഘടനാപരമായ വിഷയം സിംഗിൾ ബെഞ്ച് പ്രഥമ ഘട്ടത്തിൽ തള്ളിയതെങ്ങനെയാണെന്നും ദവേ ചോദിച്ചു. മാധ്യമങ്ങൾ ജനാധിപത്യത്തിൽ വളരെയധികം പ്രാധാന്യമുള്ളതാണ്. ഇത് മാധ്യമസ്വാതന്ത്ര്യത്തിന്റെ ലംഘനമാണ്.എന്താണ് ഇൻറലിജൻസ് റിപ്പോർട്ടെന്ന് വ്യക്തമാക്കണമെന്നും അഭിപ്രായ സ്വാതന്ത്യം തടയാനുള്ള അധികാരം സർക്കാരിനില്ലെന്നും ദവേ കോടതിയെ അറിയിച്ചു.
ഗൗരവമായ ഭരണഘടനാ പ്രശ്‌നങ്ങളടങ്ങുന്ന കേസിൽ ഭരണകൂടത്തിന്റെ സേഛ്വാപരമായ നടപടി പരിശോധിക്കേണ്ടതിന് പകരം വേദ കാലത്തെ ഭരണക്രമം പരിഗണിച്ചാണ് സിംഗിൾ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. തങ്ങൾക്കെതിരായ ആരോപണമെന്തെന്ന് അറിയിക്കാത്ത നടപടി ജനാധിപത്യ രാജ്യത്ത് അനുവദനീയമല്ല. ഇത് ജനാധിപത്യത്തെ അവമതിക്കുന്ന നടപടിയാണ്. ഈ കേസിൽ രാജ്യ സുരക്ഷ ബന്ധപ്പെട്ടിരിക്കുന്നതെവിടെയെന്ന് വ്യക്തമാക്കുന്നില്ലന്നുമായിരുന്നു ദവേയുടെ വാദം.
Adjust Story Font
16