5 വര്‍ഷം, 80 ലക്ഷം പൊതിച്ചോറുകള്‍: ഡി.വൈ.എഫ്.ഐയുടെ പൊതിച്ചോര്‍ വിതരണത്തിന് അഞ്ചാണ്ട്
ഡി.വൈ.എഫ്.ഐയുടെ ഹൃദയപൂര്‍വ്വം പദ്ധതിക്ക് അഞ്ചാണ്ട്
തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പൊതിച്ചോര്‍ നല്‍കുന്ന ഡി.വൈ.എഫ്.ഐയുടെ ഹൃദയപൂര്‍വ്വം പദ്ധതിക്ക് അഞ്ചാണ്ട്. അഞ്ചു കൊല്ലം കൊണ്ട് 80 ലക്ഷം പൊതിച്ചോർ വിതരണം ചെയ്തെന്ന് ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്‍റ് എ എ റഹിം ഫേസ് ബുക്കില്‍ കുറിച്ചു.
അഞ്ചാം വാർഷികത്തോട് അനുബന്ധിച്ചു 100 പേർ രക്തദാനം നടത്തി. ക്യാൻസർ രോഗികൾക്കായി ഡി.വൈ.എഫ്.ഐ അംഗങ്ങൾ തലമുടി കൈമാറി. മെഡിക്കൽ കോളേജ് അധികൃതരും പരിപാടിയിൽ പങ്കെടുത്തു.
മേഖലാ കമ്മിറ്റികള്‍ക്കാണ് ഓരോ ദിവസത്തേയും പൊതിച്ചോര്‍ വിതരണ ചുമതല. 205 മേഖലാ കമ്മിറ്റികളാണ് തൃശൂര്‍ ജില്ലയിലുള്ളത്. പ്രവര്‍ത്തകര്‍ വീടുകളിലെത്തി പൊതിച്ചോര്‍ നല്‍കാന്‍ താത്പര്യമുള്ളവരെ കണ്ടെത്തും. തലേന്ന് വീണ്ടും ഓര്‍മ്മിപ്പിക്കും. രാവിലെ തന്നെ പൊതിച്ചോര്‍ ശേഖരിച്ച് മെഡിക്കല്‍ കോളജിലെത്തും. മറ്റ് ജില്ലകളിലെ ആശുപത്രികളിലും ഡി.വൈ.എഫ്.ഐ പൊതിച്ചോര്‍ വിതരണം തുടങ്ങിയിട്ടുണ്ട്.
Adjust Story Font
16