'രാം കെ നാം' കേരളത്തിലുടനീളം പ്രദർശിപ്പിക്കും-ഡി.വൈ.എഫ്.ഐ
ആനന്ദ് പട്‌വർധൻ സംവിധാനം ചെയ്ത ഡോക്യുമെന്ററിയുടെ പ്രദർശനം കഴിഞ്ഞ ദിവസം കോട്ടയം കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ബി.ജെ.പി പ്രവർത്തകർ തടഞ്ഞിരുന്നു
തിരുവനന്തപുരം: ആനന്ദ് പട്‌വർധൻ സംവിധാനം ചെയ്ത 'രാം കെ നാം' ഡോക്യുമെന്ററി സംസ്ഥാനത്തുടനീളം പ്രദർശിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ഡി.വൈ.എഫ്.ഐ. കോട്ടയം കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന പ്രദർശനം ബി.ജെ.പി പ്രവർത്തകർ തടഞ്ഞിരുന്നു. ഇതിൽ പ്രതിഷേധിച്ചാണു നടപടി.
ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ കേരളത്തിലാകെ ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്നു നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന സെക്രട്ടറി വി.കെ സനോജ്, പ്രസിഡന്റ് വി. വസീഫ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ രാം കെ നാം പ്രദർശിപ്പിക്കുമെന്ന് ഡി.വൈ.എഫ്.ഐ നേതാവ് ജെയ്ക് സി. തോമസും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നു വൈകീട്ട് പ്രദർശനം നടത്തുമെന്നാണ് ജെയ്ക് അറിയിച്ചത്. ഇതിനുവേണ്ട പശ്ചാത്തല സൗകര്യം ഒരുക്കും. സംസ്ഥാനത്ത് എവിടെയും പ്രദർശനം സംഘടിപ്പിക്കും. സ്ഥലവും സമയവും അറിയിച്ച സ്ഥിതിക്ക് തടയാൻ ചുണയുള്ള സംഘ്പ്രചാരകർക്കു സ്വാഗതമെന്നും ജെയ്ക് സമൂഹമാധ്യമത്തിൽ വ്യക്തമാക്കി.
ബാബരി മസ്ജിദിന്റെ തകർച്ചയിലേക്കു നയിച്ച രാമക്ഷേത്ര പ്രക്ഷോഭം പ്രമേയമാക്കിയാണ് വിഖ്യാത ഡോക്യുമെന്ററി സംവിധായകനും ചലച്ചിത്രകരാനുമായ 'രാം കെ നാം' തയാറാക്കിയത്. എൽ.കെ അദ്വാനിയുടെ രഥയാത്ര ഉൾപ്പെടെയുള്ളവ സൃഷ്ടിച്ച വർഗീയ സംഘർഷങ്ങൾ ഡോക്യുമെന്ററിയിൽ അടയാളപ്പെടുത്തുന്നുണ്ട്. ബാബരി ധ്വംസനവുമായി ബന്ധപ്പെട്ട് ഉൾപ്പെടെ നിരവധി വെളിപ്പെടുത്തലുകളും ചിത്രത്തിലുണ്ട്.
Summary: DYFI Kerala has announced that the documentary 'Ram Ke Naam' directed by Anand Patwardhan will be screened across the state. BJP workers blocked the screening held at KR Narayanan Film Institute, Kottayam
Adjust Story Font
16