ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡൻറ്; ചിന്തജെറോം, വി.വസീഫ്, ഷിജുഖാൻ എന്നിവർ പരിഗണനയിൽ
സി.പി.എം സംസ്ഥാനസമിതിയിലേക്ക് ഇപ്പോൾ തെരഞ്ഞെടുക്കപ്പെട്ട ചിന്തയെ ഡി.വൈ.എഫ്.ഐ തലപ്പത്ത് കൊണ്ട് വരുന്നതിൽ പാർട്ടിയിലെ ഒരു വിഭാഗത്തിന് എതിർപ്പുണ്ട്
തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ സംസ്ഥാനപ്രസിഡൻറ് സ്ഥാനത്തേക്ക് ചിന്ത ജെറോം, വി. വസീഫ്, ഷിജുഖാൻ എന്നിവർ പരിഗണനയിൽ. സി.പി.എം സംസ്ഥാനസമിതിയിലേക്ക് ഇപ്പോൾ തെരഞ്ഞെടുക്കപ്പെട്ട ചിന്തയെ ഡിവൈഎഫ്‌ഐ തലപ്പത്ത് കൊണ്ട് വരുന്നതിൽ പാർട്ടിയിലെ ഒരു വിഭാഗത്തിന് എതിർപ്പുണ്ട്. ഇതോടെ മന്ത്രി മുഹമ്മദ് റിയാസിൻറെ വിശ്വസ്തനായ കോഴിക്കോട് നിന്നുള്ള വി വസീഫിന് സാധ്യത വർധിച്ചു. വി.കെ സനോജ് സെക്രട്ടറി സ്ഥാനത്ത് തുടരും.
പത്തനംതിട്ടയിൽ അടുത്താഴ്ച ആരംഭിക്കുന്ന സമ്മേളനത്തോടെ സി.പി.എമ്മിലെ യുവവനിതാ മുഖവും യുവജനകമ്മീഷൻ ചെയർപേഴ്‌സണുമായ ചിന്ത ജെറോമിനെ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് പദവിയിൽ കൊണ്ട് വരാനുള്ള നീക്കം പാർട്ടിയിലെ ഒരു വിഭാഗം നടത്തുന്നുണ്ട്. എറണാകുളത്ത് നടന്ന പാർട്ടി സംസ്ഥാന സമ്മേളനത്തോടെ ചിന്തജെറോമിനെ സംസ്ഥാനസമിതിയിൽ ഉൾപ്പെടുത്തിയിരുന്നു. സംസ്ഥാന കമ്മിറ്റിയിലേക്കെത്തിയതിന് പിന്നാലെ ചിന്തയേ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് പദവിയിൽ നിയോഗിക്കുന്നതിലാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന് എതിർപ്പുള്ളത്. പ്രസിഡൻറ് പദവിയിൽ നിയോഗിച്ചാൽ ഇരട്ടപ്രമോഷനാകുമെന്നാണ് എതിർക്കുന്നവരുടെ വാദം.
ഡി.വൈ.എഫ്.ഐയുടെ ചുമതലയുള്ള ഇ.പി ജയരാജന്റെ സാന്നിധ്യത്തിൽ ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് ഫ്രാക്ഷൻ യോഗത്തിൽ കോഴിക്കോട് നിന്നുള്ള സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ ജില്ലാസെക്രട്ടറിയുമായ വി.വസീഫിന്റെ പേര് സംസ്ഥാന പ്രസിഡന്റ് പദവിയിലേക്ക് ഉയർന്ന് വന്നിട്ടുണ്ട്. മുൻ അഖിലേന്ത്യ പ്രസിഡന്റും മന്ത്രിയുമായ മുഹമ്മദ് റിയാസിന്റെ പിന്തുണയും വസീഫിനുണ്ട്. തിരുവനന്തപുരം ജില്ലാസെക്രട്ടറി ഷിജുഖാൻറെ പേരും പ്രസിഡൻറ്, ട്രഷറർ എന്നി സ്ഥാനങ്ങളിലേക്ക് പരിഗണനയിലുണ്ട്. എന്നാൽ സി.പി.എം നേതൃത്വം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല. ആറുമാസം മുൻപ് സെക്രട്ടറി പദവിയിലേക്കെത്തിയ വി.കെ സനോജ് ആ പദവിയിൽ തുടരും.കൊല്ലത്ത് നിന്നുള്ള അരുൺ ബാബുവാണ് ട്രഷറർ പദവിയിലേക്ക് സജീവമായി പരിഗണിക്കുന്ന മറ്റൊരാൾ.
Adjust Story Font
16