കെ.കെ. ശൈലജയെയും മഞ്ജു വാര്യരെയും അപമാനിച്ച കെ.എസ്. ഹരിഹരനെതിരെ നിയമ നടപടി സ്വീകരിക്കണം: ഡി.വൈ.എഫ്.ഐ
‘കെ.കെ. രമയുടെ സാന്നിധ്യത്തിലാണ് ആർ.എം.പി നേതാവ് ഇത്രയും വൃത്തികെട്ട നിലയിൽ സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തിയത്’
തിരുവനന്തപുരം: കെ.കെ. ശൈലജ എം.എൽ.എയെയും ചലച്ചിത്ര താരം മഞ്ജു വാര്യരെയും അപമാനിച്ച ആർ.എം.പി നേതാവ് കെ.എസ്. ഹരിഹരനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. വടകരയിൽ യു.ഡി.എഫ് നടത്തിയ ഹീനമായ സ്ത്രീ വിരുദ്ധ പ്രചാരണങ്ങൾക്ക് അടിവരയിടുന്ന പ്രസംഗമാണ് യു.ഡി.എഫ് -ആർ.എം.പി.ഐ നേതാവ് ഹരിഹരൻ നടത്തിയത്.
മര്യാദയുടെ സകല സീമകളും ലംഘിച്ച് ഒരു തെരഞ്ഞെടുപ്പ് കാലം വടകരയിൽ വർഗ്ഗീയ - സ്ത്രീ വിരുദ്ധ ശക്തികളുടെ കൂത്തരങ്ങാക്കി മാറ്റിയ യു.ഡി.എഫ് ജാള്യത മറക്കാനായി നടത്തിയ പരിപാടി പോലും അതിലേറെ സ്ത്രീ വിരുദ്ധ സമ്മേളനമായാണ് അവസാനിച്ചത്. ഹരിഹരൻ നടത്തിയ പ്രസംഗം സാംസ്‌കാരിക കേരളത്തിന് നേരെയുള്ള വെല്ലുവിളിയാണ്.
കേരളത്തിലെ ഏറെ ബഹുമാനിക്കപ്പെടുന്ന, സ്വപ്രയത്നത്താൽ വ്യക്തി മുദ്ര പതിപ്പിച്ച കലാകാരികളെ പോലും ആർ.എം.പി - യു.ഡി.എഫ് നേതൃത്വം എത്രമാത്രം നികൃഷ്ടമായ കണ്ണുകളോട് കൂടിയാണ് കാണുന്നത് എന്നത് തെളിയിക്കുന്നതാണ് പ്രസംഗം.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം നിർവഹിച്ച ഷാഫി പറമ്പിൽ അനുകൂല പരിപാടിയിലാണ് ഇത്രയും ഹീനമായ സ്ത്രീ വിരുദ്ധ പ്രസ്താവന ഉണ്ടായിരിക്കുന്നത്. കെ.കെ. രമ എം.എൽ.എയുടെ സാന്നിധ്യത്തിലാണ് ആർ.എം.പി നേതാവ് ഇത്രയും വൃത്തികെട്ട നിലയിൽ സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തിയതെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി.
Adjust Story Font
16