ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണം; പൊലീസിന്‍റെ ഹരജി ഇന്നു വീണ്ടും പരിഗണിക്കും
കഴിഞ്ഞ ദിവസം ഇരുഭാഗത്തിന്‍റെയും വാദം കേട്ട കോടതി കേസ് ഇന്നത്തേക്ക് മാറ്റിയിരുന്നു
ആർ.ടി ഓഫീസിലെ പൊതുമുതൽ നശിപ്പിച്ച കേസിൽ ജാമ്യത്തിൽ കഴിയുന്ന ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച ഹരജി തലശ്ശേരി സെഷൻസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ ദിവസം ഇരുഭാഗത്തിന്‍റെയും വാദം കേട്ട കോടതി കേസ് ഇന്നത്തേക്ക് മാറ്റിയിരുന്നു. വ്ലോഗർ സഹോദരന്മാരുടെ വീഡിയോകൾ ഉൾപ്പെടെ പരിശോധിച്ച പൊലീസ് പ്രതികൾക്ക് കഞ്ചാവ് ബന്ധമുൾപ്പെടെ അന്വേഷണ വിധേയമാക്കണമെന്ന നിലപാടാണ് കോടതിയിൽ സ്വീകരിച്ചിരുന്നത്.
ഇ ബുൾജെറ്റ് സഹോദരങ്ങൾക്ക് മയക്കുമരുന്നു കടത്തില്‍ പങ്കുണ്ടോയെന്നത് പരിശോധിക്കണമെന്ന് പൊലീസ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. പ്രതികൾ കഞ്ചാവ് ചെടി ഉയർത്തിപിടിച്ചുള്ള ദൃശ്യങ്ങള്‍ യൂട്യൂബ് ചാനലിലൂടെ പ്രദർശിപ്പിക്കുകയും കുറ്റകൃത്യത്തെ പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകൾ സമൂഹ്യമധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. സർക്കാരിനും പൊലീസിനുമെതിരെ നടന്ന സൈബറാക്രമണത്തിൽ പ്രതികളുടെ പങ്ക് പരിശോധിക്കണമെന്നും തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയില്‍ പൊലീസ് അറിയിച്ചിരുന്നു. പ്രതികളുടെ ജാമ്യം റദ്ദാക്കി കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാണ് പൊലീസിന്‍റെ ആവശ്യം. പൊലീസ് കെട്ടിചമച്ച കേസാണിതെന്നാണ് ഇ ബുൾജെറ്റ് സഹോദരങ്ങളായ എബിന്‍റെയും ലിബിന്‍റെയും വാദം.
ആഗസ്റ്റ് ഒമ്പതിനായിരുന്നു വ്ലോഗര്‍മാരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കലക്ടറേറ്റില്‍ ആര്‍.ടി ഓഫിസില്‍ സംഘര്‍ഷമുണ്ടാക്കിയതിനായിരുന്നു നടപടി. വാഹനം രൂപമാറ്റം വരുത്തിയതുമായി ബന്ധപ്പെട്ട് ഇവരുടെ വാന്‍ കണ്ണൂര്‍ ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ നടപടികള്‍ക്കായി ഇവരോട് ഓഫിസില്‍ ഹാജരാവാനും ആവശ്യപ്പെട്ടിരുന്നു. ഇരുവരും എത്തിയതിനു പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. തുടർന്ന് കസ്റ്റഡിയിലെടുത്ത ഇവരെ റിമാന്‍ഡ് ചെയ്തു. അനധികൃതമായി വാഹനം രൂപമാറ്റം വരുത്തിയതിന് പിഴ നല്‍കാമെന്ന് കോടതിയില്‍ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്.
Adjust Story Font
16