അതിവേഗ ട്രെയിന്‍ പദ്ധതി; മാറ്റങ്ങള്‍ നിര്‍ദേശിച്ച് ഇ ശ്രീധരന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി
തുരങ്കപാതയും എലവേറ്റഡ് പാതയും ചേർന്ന പദ്ധതിയാണ് കേരളത്തിൽ പ്രായോഗികമെന്നാണ് ഇ ശ്രീധരന്‍റെ നിലപാട്.
തിരുവനന്തപുരം: കെ റെയില്‍ പദ്ധതിക്ക് മാറ്റങ്ങള്‍ നിർദ്ദേശിച്ച് ഇ ശ്രീധരന്‍ സംസ്ഥാനസർക്കാരിന് റിപ്പോർട്ട് നൽകി. നിലവിലെ പദ്ധതി പ്രായോഗികമല്ല, ആദ്യം സെമി ഹൈസ്പീഡ് ട്രെയിന്‍ നടപ്പാക്കണം. എന്നിട്ട് ഹൈസ്പീഡിലേക്ക് മാറണമെന്നും ശ്രീധരന്‍ നല്‍കിയ റിപ്പോർട്ടില്‍ പറയുന്നു. സംസ്ഥാനസർക്കാരിന്‍റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ് വഴിയാണ് സർക്കാരിന് റിപ്പോർട്ട് കൈമാറിയത്.
കേന്ദ്രാനുമതി കിട്ടിയാല്‍ സംസ്ഥാനസർക്കാർ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന കെ റെയില്‍ പദ്ധതി പ്രായോഗികമല്ലെന്നാണ് ഇ ശ്രീധരന്‍ നല്‍കിയ റിപ്പോർട്ടില്‍ പറയുന്നത്. നിലവിലെ പാതയ്ക്ക് സമാന്തരമായും ഭൂമിക്ക് മുകളിലൂടെയും പാത കൊണ്ടുപോകുന്നതാണ് കെ റെയിലിന്റെ നിർദ്ദേശം. കേരളത്തില്‍ ഇത്രയും ഭൂമിയേറ്റെടുക്കൽ പ്രായോഗികമല്ല. ആയിരക്കണക്കിന് കുടുംബങ്ങളെ പുനരധിവസിപ്പിക്കേണ്ടിവരും. കെ റെയിലിന്‍ അലൈൻമെന്റിലും അപാകതയുണ്ട്. അത് കൊണ്ട് നിലവിലെ ഡിപിആറില്‍ മാറ്റം വേണം. ആദ്യം സെമി സ്പീഡ് ട്രെയിൻ നടപ്പാക്കണം. പിന്നീട് മതി ഹൈ സ്പീഡ് ട്രെയിൻ എന്നാണ് ശ്രീധരന്റെ റിപ്പോർട്ടില്‍ പറയുന്നത്.
തുരങ്കപാതയും എലവേറ്റഡ് പാതയും ചേർന്ന പദ്ധതിയാണ് കേരളത്തിൽ പ്രായോഗികമെന്നാണ് ഇ ശ്രീധരന്‍റെ നിലപാട്. കേരള സർക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ് കഴിഞ്ഞ ദിവസം പൊന്നാനിയിലെ വീട്ടിലെത്തി ഇ ശ്രീധരനെ കണ്ടിരുന്നു. ഇതിന് ശേഷമാണ് മാറ്റങ്ങള്‍ നിർദ്ദേശിച്ചുള്ള റിപ്പോർട്ട് ശ്രീധരന്‍ കൈമാറിയത്. റിപ്പോർട്ട് കെ വി തോമസ് മുഖ്യമന്ത്രി പിണറായി വിജയന് നല്‍കി.
Adjust Story Font
16