ചില അസാധാരണ സംഭവങ്ങൾ ഉണ്ടായതുകൊണ്ടാണ് മൃതദേഹം നേരത്തെ ഖബറടക്കേണ്ടി വന്നത്; അബ്ബാസലി ശിഹാബ് തങ്ങൾ
'പ്രതീക്ഷിച്ചതിനെക്കാൾ ആളുകൾ എത്തിയതിനാൽ നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു'
ചില അസാധാരണ സംഭവങ്ങൾ ഉണ്ടായതുകൊണ്ടാണ് ഹൈദരലി ശിഹാബ് തങ്ങളുടെ മൃതദേഹം നേരത്തെ കബറടക്കേണ്ടി വന്നതെന്ന് സഹോദരൻ അബ്ബാസലി ശിഹാബ് തങ്ങൾ മീഡിയവണ്ണിനോട് പറഞ്ഞു. പ്രതീക്ഷിച്ചതിനെക്കാൾ ആളുകൾ എത്തിയതിനാൽ നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നുവെന്നും തങ്ങൾ പറഞ്ഞു. പ്രതീക്ഷിക്കാത്ത രീതിയിലുള്ള ആളുകളുടെ തിരക്കും ഒരു പ്രശ്‌നമായിരുന്നു.
രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾ തറവാട്ട് വീട്ടിലെത്തി മടങ്ങും. സാഹചര്യം എല്ലാവർക്കും മനസിലാകുമെന്നാണ് കരുതുന്നത്. ഒഴിവാക്കാൻ പറ്റാത്ത സാഹചര്യമായത് കൊണ്ടാണ് ഖബറടക്കം നേരത്തെ നടത്തിയത്. ദൂരെ സ്ഥലങ്ങളിൽ നിന്ന് പോലും ആളുകൾ എത്തിക്കൊണ്ടിരിക്കുന്നതെന്നും അവർക്ക് ഖബറടക്കിയ സ്ഥലത്ത് പോയി പ്രാർഥിക്കാമെന്ന് അബ്ബാസലി ശിഹാബ് തങ്ങൾ പറഞ്ഞു.
അർബുദബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കേയാണ് ഞായറാഴ്ച രാവിലെ ഹൈദരലി ശിഹാബ് തങ്ങൾ വിടപറഞ്ഞത്. അങ്കമാലിയിൽ മൃതദേഹം പൊതുദർശനത്തിനുവച്ച ശേഷമാണ് മലപ്പുറത്തേക്ക് കൊണ്ടുവന്നത്. തുടർന്ന് പാണക്കാട്ടെ വീട്ടിലെത്തിച്ച് ബന്ധുക്കൾക്ക് കാണാനും മയ്യിത്ത് നമസ്‌കരിക്കാനുമുള്ള അവസരമൊരുക്കി. ഇതിനുശേഷമാണ് മലപ്പുറത്തെ ടൗൺഹാളിലെത്തിച്ച് മൃതദേഹം പൊതുദർശനത്തിനുവച്ചത്.
തിങ്കളാഴ്ച രാവിലെ ഒൻപതിനായിരുന്നു നേരത്തെ ഖബറടക്കം നിശ്ചയിച്ചിരുന്നത്. എന്നാൽ, മലപ്പുറം ടൗൺഹാളിൽ പൊതുദർശനത്തിനുവച്ച ശേഷം അഭൂതപൂർവമായ ജനക്കൂട്ടമാണ് ഇങ്ങോട്ട് ഒഴുകിയത്. തുടർന്ന് ഖബറടക്കൽ ചടങ്ങ് നേരത്തെയാക്കുമെന്ന് അറിയിക്കുകയായിരുന്നു.
പുലർച്ചെ 2.30നായിരുന്നു അപ്രതീക്ഷിതമായി ഖബറടക്കൽ ചടങ്ങ് നടന്നത്. പാണക്കാട് ജുമാമസ്ജിദിൽ അവസാന മയ്യിത്ത് നമസ്‌കാരങ്ങൾക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ഹൈദരലി തങ്ങളുടെ മകൻ മുഈനലി ശിഹാബ് തങ്ങൾ എന്നിവർ നേതൃത്വം നൽകി. പൊലീസ് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയുള്ള ഗാർഡ് ഓഫ് ഓണർ നൽകി.
മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി. അബ്ദുറഹ്‌മാൻ, എ.കെ ശശീന്ദ്രൻ, കാന്തപുരം അബൂബക്കർ മുസ്‌ലിയാർ, എം.ടി അബ്ദുല്ല മുസ്‌ലിയാർ അടക്കം മത, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരികരംഗങ്ങളിലെ പ്രമുഖരും അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു.
Adjust Story Font
16