Quantcast

കള്ളപ്പണ ഇടപാട്: ഇ.പി ജയരാജന്റെ ഭാര്യ ചെയർപേഴ്‌സണായ റിസോർട്ടിൽ അന്വേഷണത്തിന് ഇ.ഡിയും

ആദായനികുതി വകുപ്പിന്റെ പരിശോധനയിൽ തുടർനടപടി ഇന്നുണ്ടാകും

MediaOne Logo

Web Desk

  • Updated:

    2023-03-03 04:53:56.0

Published:

3 March 2023 3:57 AM GMT

ed inquiry
X

കണ്ണൂർ: എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന്റെ ഭാര്യ ഇന്ദിര ചെയർപേഴ്‌സണായ വൈദേകം റിസോർട്ടിൽ എൻഫോഴ്‌സ്‌മെന്റ് വിഭാഗവും പ്രാഥമിക പരിശോധന നടത്തും. ഇ.പി ജയരാജന്റെ മകൻ ഡയറക്ടറായ ആയുർവേദ റിസോർട്ടിൽ കള്ളപ്പണ ഇടപാട് നടന്നെന്ന പരാതിയിലാണ് ഇ.ഡിയുടെ അന്വേഷണം നടക്കുന്നത്.

റിസോർട്ടിൽ ആദായനികുതി വകുപ്പിന്റെ പരിശോധനയിൽ തുടർനടപടി ഇന്നുണ്ടാകും.ആദായനികുതി വകുപ്പിൻറെ കൊച്ചി യുണിറ്റാണ് പ്രാഥമിക അന്വേഷണം ആരംഭിച്ചത്.ഇപ്പോൾ നടക്കുന്ന പരിശോധനയിൽ അസ്വാഭാവികത ഇല്ലെന്നാണ് ഇ പി ജയരാജൻ പ്രതികരിച്ചത്.

വൈദേകം റിസോർട്ടിനെച്ചൊല്ലി സി.പി.എം സംസ്ഥാന സമിതിയിലിടക്കം നേരത്തെ തർക്കങ്ങൾ അരങ്ങേറിയിരുന്നു. റിസോർട്ട് വിവാദത്തിൽ സി.പി.എം നേതാക്കളായ ഇ.പി ജയരാജനും പി. ജയരാജനും സംസ്ഥാന കമ്മിറ്റിയിൽ പരസ്പരം ഏറ്റുമുട്ടിയത് അന്ന് വലിയ വിവാദങ്ങൾക്ക് വഴിവെച്ചു. തനിക്കെതിരെ ഗൂഢാലോചന നടന്നെന്നും വ്യക്തിഹത്യക്ക് ശ്രമം നടന്നെന്നുമാണ് അന്ന് ഇ.പി ജയരാജൻ ആരോപിച്ചത്. എന്നാൽ സാമ്പത്തിക ആരോപണം നടത്തിയില്ലെന്നും മറ്റൊരാൾ എഴുതിത്തന്നത് പാർട്ടിയെ അറിയിക്കുക മാത്രമാണ് ചെയ്‌തെന്നുമായിരുന്നു പി.ജയരാജൻറെ മറുപടി.

ഇ.പി ജയരാജൻറെ മകന്റെ ഉടമസ്ഥതയിലുള്ള കണ്ണൂർ വൈദേകം ആയുർവേദ റിസോർട്ട് നിർമാണത്തിൽ അഴിമതി നടന്നുവെന്നാണ് പി.ജയരാജന്റെ പ്രധാന ആരോപണം. എന്നാൽ വൈദേകം റിസോർട്ടിൽ തനിക്ക് നിക്ഷേപമില്ലെന്നും ഭാര്യക്കും മകനുമാണ് നിക്ഷേപമുള്ളതെന്നുമായിരുന്നു ഇ.പി ജയരാജന്റെ വിശദീകരണം. ഭാര്യക്ക് റിട്ടയർമെന്റായി കിട്ടിയ തുകയാണതെന്നും ഇത് അനധികൃതമല്ലെന്നും സി.പി.എം സംസ്ഥാന കമ്മിറ്റിക്ക് ഇ.പി വിശദീകരണം നൽകിയിരുന്നു.






TAGS :

Next Story