വിഎസ് ശിവകുമാറിനെ വിടാതെ ഇഡി; നേരിട്ട് ഹാജരാകണം, വീണ്ടും നോട്ടീസ്
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ആരോഗ്യമന്ത്രിയായിരിക്കെ വരവിൽ കവിഞ്ഞ സ്വത്തുസമ്പാദനം നടത്തിയെന്നായിരുന്നു വിഎസ് ശിവകുമാറിനെതിരായ പരാതി
കൊച്ചി:അനധികൃത സ്വത്തുസമ്പാദന കേസിൽ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ വിഎസ് ശിവകുമാറിന് വീണ്ടും ഇഡി നോട്ടീസ്. ഈ മാസം 29ന് കൊച്ചി ഓഫീസിൽ ഹാജരാകണമെന്നാണ് നിർദേശം.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ആരോഗ്യമന്ത്രിയായിരുന്നു വിഎസ് ശിവകുമാർ. മന്ത്രിയായിരിക്കെ വരവിൽ കവിഞ്ഞ സ്വത്തുസമ്പാദനം നടത്തിയെന്നായിരുന്നു വിഎസ് ശിവകുമാറിനെതിരായ പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ നേരത്തെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. പിന്നാലെ അനധികൃത സ്വത്തുസമ്പാദനത്തിലെ കള്ളപ്പണ ഇടപാട് സംബന്ധിച്ച് ഇഡിയും അന്വേഷണം തുടങ്ങി.
2020ൽ ശിവകുമാറിന്റെ വീട്ടിലും ബിനാമികളെന്ന് പറയപ്പെടുന്നവരുടെ വീടുകളിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. കഴിഞ്ഞ മാസം ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയെങ്കിലും ഇഡിക്ക് മുന്നിൽ ഹാജരാകാൻ വിഎസ് ശിവകുമാർ തയ്യാറായില്ല. അസൗകര്യങ്ങളുണ്ടെന്ന് അറിയിച്ച് ശിവകുമാർ ഒഴിഞ്ഞുമാറുകയായിരുന്നു. ഇതിന് പിന്നാലെയാണ് ശിവകുമാറിന് വീണ്ടും നോട്ടീസ് നൽകിയിരിക്കുന്നത്.
Adjust Story Font
16