പാലിയേക്കര ടോൾപ്ലാസയിൽ ഇ.ഡി റെയ്ഡ്
കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെയുള്ള സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് പരിശോധന
തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ പരിശോധനയുമായി എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്. സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. രാവിലെ 10 മണിയോടെയാണ് ഇ.ഡി ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്.
നേരത്തെ, പാലിയേക്കര ടോൾ പ്ലാസയ്‌ക്കെതിരെ ചില പരാതികൾ ഉയർന്നിരുന്നു. ഒരു പരാതിയിൽ സി.ബി.ഐ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ടോൾ പ്ലാസ വഴി കള്ളപ്പണം വെളുപ്പിക്കൽ നടന്നെന്ന പരാതിയിലാണ് ഇപ്പോൾ ഇ.ഡി റെയ്‌ഡെന്നാണു വിവരം.
2006 മുതൽ 2016 വരെയുള്ള മണ്ണുത്തി-അങ്കമാലി ദേശീയപാത നിർമാണത്തിൽ ക്രമക്കേട് നടന്നതായി നേരത്തെ പരാതി ഉയർന്നിരുന്നു. കരാർ വ്യവസ്ഥകൾ പാലിക്കാതെ ടോൾ പിരിച്ചു, ദേശീയപാതാ അതോറിറ്റി അധികൃതരുമായി ക്രിമിനൽ ഗൂഢാലോചന നടത്തി സർക്കാരിനു നഷ്ടമുണ്ടാക്കി, നിർമാണ മാനദണ്ഡങ്ങളിൽ വീഴ്ച വരുത്തി ഉൾപ്പെടെയുള്ള പരാതികളിലാണ് സി.ബി.ഐ അന്വേഷണം നടക്കുന്നത്. 12 ബസ് വേ നിർമിക്കേണ്ടിടത്ത് മൂന്നെണ്ണം മാത്രമാണ് ഇതുവരെ പൂർത്തിയായതെന്നും ഈ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട ചില ഇടപാടുകൾ ടോൾപ്ലാസ വഴി നടന്നുവെന്ന സംശയത്തിലാണ് ഇപ്പോൾ ഇ.ഡി പരിശോധനയ്‌ക്കെത്തിയതെന്നാണു വിവരം. ഇതുമായി ബന്ധപ്പെട്ടുള്ള രേഖകളാണ് ഇ.ഡി സംഘം പരിശോധിക്കുന്നത്.
Summary: Enforcement Directorate raid at Paliyekkara toll plaza
Adjust Story Font
16