ടി.വീണ ഉള്‍പ്പെട്ട മാസപ്പടി കേസ്; ഇ.ഡി കേസെടുത്തു
പ്രാഥമിക അന്വേഷണത്തിന് പിന്നാലെയാണ് നടപടി
ടി.വീണ
തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റർ ചെയ്തു . പ്രാഥമിക അന്വേഷണത്തിന് പിന്നാലെയാണ് നടപടി.എസ്എഫ്ഐഒ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ഇ.ഡി നടപടി.
മാസപ്പടി വിവാദത്തിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി അടുത്തിടെ വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിൽനിന്ന് കെ.എസ്.ഐ.ഡി.സിക്ക് മാറിനിൽക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. പങ്കില്ലെന്നു പറഞ്ഞു മാറിനിൽക്കാനാകില്ല. അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.
അതേസമയം വീണയ്ക്കെതിരെ മാത്യു കുഴൽനാടൻ എം.എൽ.എ നൽകിയ ഹരജി ഇന്ന് തിരുവനന്തപുരം വിജിലൻസ് കോടതി പരിഗണിക്കും. കേസ് തള്ളണമെന്ന വിജിലൻസ് വാദമാണ് ഇന്ന് കോടതി പരിശോധിക്കുക. കരിമണൽ ഖനനത്തിന് സി.എം.ആര്‍.എൽ കമ്പനിക്ക് വഴിവിട്ട് സഹായം നൽകിയെന്നും പ്രത്യുപകാരമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് സി.എം.ആര്‍.എൽ കമ്പനി മാസപ്പടി കൊടുത്തുവെന്നുമാണ് മാത്യു കുഴൽനാടന്‍റെ ആരോപണം. ഇതിൽ താൻ നൽകിയ പരാതിയിൽ വിജിലൻസ് നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി.
മൂന്ന് ഘട്ടങ്ങളിലായി വാർത്താ സമ്മേളനങ്ങളിൽ ഉന്നയിച്ച ആരോപണങ്ങൾ എല്ലാം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരാതി. രേഖകൾ സഹിതമാണ് അദ്ദേഹം വിജിലൻസിന് പരാതി സമർപ്പിച്ചത്. എന്നാൽ ഈ ഹര്‍ജി നിലനിൽക്കില്ലെന്നും ആദായ നികുതി സെറ്റിൽമെന്‍റ് ബോര്‍ഡിന്‍റെ തീരുമാനം വിജിലൻസിന്‍റെ പരിധിയിൽ പരിശോധിക്കാനാകില്ലെന്നുമാണ് വിജിലൻസ് സ്വീകരിച്ച നിലപാട്. ഹരജി നേരത്തെ തന്നെ കോടതി ഫയലിൽ സ്വീകരിച്ചിരുന്നു.
Adjust Story Font
16