മിക്‌സഡ് സ്‌കൂൾ: ഉത്തരവ് നടപ്പാക്കാൻ സാവകാശം വേണമെന്ന് വിദ്യഭ്യാസ മന്ത്രി
'സിബിഎസ്ഇ മാനേജ്‌മെൻറിന് നിഷേധാത്മക നിലപാട്'
തിരുവനന്തപുരം: സംസ്ഥാനത്ത് മിക്‌സഡ് സ്‌കൂളുകൾ മതിയെന്ന ബാലാവകാശ കമ്മീഷന്റെ ഉത്തരവ് നടപ്പാക്കാൻ സാവകാശം വേണമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ഒരു ദിവസം കൊണ്ട് മാറ്റം വരുത്താൻ കഴിയില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും അഭിപ്രായങ്ങൾ കൂടി പരിഗണിച്ച ശേഷം വിദ്യാഭ്യാസ വകുപ്പ് പഠനം നടത്തുമെന്നും ശിവൻ കുട്ടി പറഞ്ഞു.
പ്ലസ് വൺ പ്രവേശനത്തിൽ കോടതി ഉത്തരവിനായി കാത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. 'സിബിഎസ്ഇ മാനേജ്‌മെന്റിന് നിഷേധാത്മക നിലപാടാണ്. റിസൾട്ട് എന്ന് പ്രഖ്യാപിക്കുമെന്ന് അറിയിച്ചിട്ടില്ല. സിബിഎസ്ഇ കുട്ടികൾക്കും അഡ്മിഷൻ കൊടുക്കുകയാണ് സർക്കാർ ലക്ഷ്യം. അവരും കേരളത്തിന്റെ മക്കളാണ്. പ്ലസ് വൺ അഡ്മിഷൻ അനന്തമായി നീട്ടി കൊണ്ട് പോകാൻ കഴിയില്ല. കോടതി ഉചിതമായ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷയെന്നും വി. ശിവൻകുട്ടി പറഞ്ഞു.
മാധ്യമം ദിനപത്രത്തിനെതിരെ മന്ത്രിയായിരുന്ന സമയത്ത് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ കെ.ടി ജലീൽ യു.എ.ഇ കോൺസലേറ്റിന് കത്തെഴുതിയത് പാർട്ടിയുടെ അറിവോടെയാണോ എന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു.
Adjust Story Font
16